പിലാത്തറ: മാതമംഗലം കൈതപ്രം പുനിയങ്കോട് ഗുഡ്സ് ഓട്ടോ ഡ്രൈവറായ വടക്കേടത്ത് വീട്ടിൽ കെ കെ രാധാകൃഷ്ണനെ (55) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ മിനി നമ്പ്യാർ (46) അറസ്റ്റിൽ. രാധാകൃഷ്ണനെ വധിക്കാൻ ഒന്നാം പ്രതി പെരുമ്പടവ് സ്വദേശി എൻ കെ സന്തോഷിന് (41) പ്രേരണ നൽകിയെന്ന കുറ്റത്തിനാണ് രണ്ടാം പ്രതിയാക്കി കേസെടുത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ മിനി ഒത്താശ ചെയ്തെന്നും റിപ്പോർട്ടുണ്ട്.
പരിയാരം പൊലീസാണ് അറസ്റ്റ് ചെയ്തത്. മിനിയെ പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഇന്നലെ പരിയാരം ഇൻസ്പെക്ടർ എം പി വിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് ഉൾപ്പടെയുള്ള സംഘമെത്തിയാണ് കസ്റ്റഡിയിലെടുത്തത്. മാർച്ച് 20നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കൈതപ്രം പൊതുജന വായനശാലയ്ക്ക് പിറകിൽ നിർമാണത്തിലുള്ള പുതിയ വീട്ടിൽ വച്ചാണ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്.
രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. വിദ്യാർത്ഥി കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിൽ വിനോദയാത്ര പോയപ്പോൾ ഇരുവരും കൈകൾ കോർത്ത് നിൽക്കുന്ന ഫോട്ടോ സന്തോഷ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ഇതേ തുടർന്ന് രാധാകൃഷ്ണനും ഭാര്യയുമായി വഴക്കും വാക്കേറ്റമുണ്ടായതായും അറിയുന്നു. സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്. സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണൻ ഭാര്യയെ മർദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നാണ് സന്തോഷ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
പടക്കം പൊട്ടിയ ശബ്ദമാണെന്നാണ് ആദ്യം പരിസരവാസികൾ കരുതിയത്. രാധാകൃഷ്ണന്റെ മകനാണ് കരഞ്ഞു വീടിനു പുറത്തേക്കു വന്ന് സംഭവം പരിസരത്തുള്ളവരെ അറിയിച്ചത്. നാട്ടുകാർ ഓടിയെത്തുമ്പോൾ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിലാണു രാധാകൃഷ്ണനെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് പ്രദേശത്തുനിന്ന് സന്തോഷിനെ പിടികൂടുന്നത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. നാടൻ തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. ഇരിട്ടി കല്യാട് സ്വദേശിയായ രാധാകൃഷ്ണൻ 20 വർഷമായി കൈതപ്രത്താണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |