കേരള പൊലീസ് സേനയിലെ വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം റിട്ടയർമെന്റ് ജീവിതം ആഘോഷിക്കുന്ന വിനയയ്ക്ക് മുമ്പിൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഒരു ലഡാക്ക് യാത്രയ്ക്കുള്ള അവസരം വന്നുചേർന്നത്. ആരോഗ്യപ്രശ്നങ്ങൾ ചെറുതായി അലട്ടുന്നുണ്ടെങ്കിലും മാസങ്ങൾ നീണ്ടുനിൽക്കുന്ന ബൈക്ക് യാത്രയ്ക്ക് വിനയ ഓക്കെ പറഞ്ഞു. കേരള പൊലീസിൽ വനിതകൾക്ക് വേണ്ടി എക്കാലത്തും ശബ്ദമുയർത്തിയ വിനയയ്ക്ക് ഈ യാത്ര കഠിനമായി തോന്നിയില്ല.
59കാരിയായ വിനയ മണാലിയും ഖാർദുങ്‌ലാപാസും പുഷ്പം പോലെ കടന്ന് ലഡാക്കിന്റെ നെറുകെയിൽ തൊട്ടു. റൈഡേഴ്സ് ക്ലബ്ബായ സിആർഎഫിന്റെ നേൃത്വത്തിൽ നടന്ന ലഡാക്ക് യാത്രയിലെ അനുഭവങ്ങൾ കേരള കൗമുദി ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് വിനയ. കേരള പൊലീസിൽ 32 വർഷത്തെ സർവീസിന് ശേഷം വിരമിച്ച വിനയയ്ക്ക് സംസ്ഥാന സർക്കാർ 2024ൽ വനിതാ രത്നം പുരസ്‌കാരം നൽകി ആദരിച്ചിട്ടുണ്ട്.
ലഡാക്ക് യാത്ര അപ്രതീക്ഷിതം
ഒരു ഷോർട്ട് ഫിലിമിന്റെ ആവശ്യത്തിന് വേണ്ടി എനിക്ക് കുറച്ച് വനിതാ റൈഡർമാരെ ആവശ്യമുണ്ടായിരുന്നു. ആ തിരിച്ചിലാണ് ലഡാക്ക് യാത്രയിലേക്ക് എത്തിച്ചത്. കോട്ടയത്തുള്ള ഒരു സുഹൃത്ത് വഴി സിആർഎഫ് എന്ന ഒരു റൈഡിംഗ് ഗ്രൂപ്പിനെ പരിചയപ്പെട്ടു. ഞാൻ വിളിച്ച സമയത്ത് അവർ ഒരു യാത്രാ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ആ യാത്രയ്ക്ക് ശേഷം നമുക്ക് ഷൂട്ട് ആരംഭിക്കാമെന്ന് അവർ ഉറപ്പ് നൽകി. അവരുടെ യാത്ര ലഡാക്കിലേക്കായിരുന്നു.
എനിക്കും വരണമെന്ന് താൽപര്യം അറിയിച്ചപ്പോൾ അവർ എന്നെയും ആ യാത്രയിൽ കൂട്ടി. അങ്ങനെയാണ് റൈഡിന്റെ ഭാഗമാകുന്നത്. മുമ്പ് കൂർഗ് പോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും ദൂരം യാത്ര ചെയ്യുന്നത്. യാത്രയ്ക്ക് മുമ്പ് ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പതിവായി ഉണ്ടാകുന്ന മുട്ടുവേദന യാത്രയ്ക്ക് തടസമാകുമെന്ന് കരുതിയെങ്കിലും ഡോക്ടറെ കണ്ടു കൃത്യമായി മരുന്ന് കഴിച്ചാണ് യാത്രയ്ക്ക് തയ്യാറെടുത്തത്.

പെൺകുട്ടികൾ കടന്നുവരണം
2002 കാലം മുതൽ ബുള്ളറ്റ് ഓടിക്കാൻ തുടങ്ങി. സ്ത്രീകൾ ബുള്ളറ്റ് ഓടിക്കുന്നത് ഞാൻ കാണാറില്ല. അവർ പലപ്പോഴും പുറകിലിരിക്കുന്നത് മാത്രമാണ് ഞാൻ കാണാറുള്ളത്. അത് എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്. ഇത്രമാത്രം ഭാരപ്പെട്ടതാണോ എന്ന തോന്നൽ എന്നിലുണ്ടാക്കിയിട്ടുണ്ട്. ഈ മേഖലയിൽ സ്ത്രീകൾ ഇല്ലല്ലോ എന്ന വസ്തുതയാണ് എന്നെ ബുള്ളറ്റ് ഓടിക്കാൻ പ്രേരിപ്പിച്ചത്.
പൊതുവെ സ്ത്രീകൾക്ക് വാഹനത്തോട് ഒരു ടേസ്റ്റ് തോന്നുന്നത് നമ്മൾ കണ്ടിട്ടില്ല. അതിനൊരു കാരണം, നമ്മുടെ അമ്മയോ പരിസരത്തുമുള്ള മറ്റ് സ്ത്രീകളോ വണ്ടി ഓടിക്കുന്നത് കാണാറില്ല. പെൺകുട്ടികളുടെ കണ്ണും കാതുമാണ് സ്വപ്നങ്ങൾക്ക് വിരുന്ന് നൽകുന്നത്. എത്ര പുരുഷന്മാർ വണ്ടി ഓടിക്കുന്നത് കണ്ടാലും അവർക്ക് അത് തോന്നില്ല. കാരണം അവരുടെ വർഗം അവിടെ ഇല്ല. കായികമേഖല നോക്കിയാലും ആൺകുട്ടികൾക്കുണ്ടാകുന്ന ആർത്തി പെൺകുട്ടിക്ക് ഇല്ല, കാരണം അവളുടെ അമ്മയും ചേച്ചിയും ഇതൊന്നും ചെയ്യുന്നില്ല.
28 വയസ് മുതൽ ഞാൻ ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇത്രയും കാലമായിട്ടും എന്റെ നാട്ടിൽ ബുള്ളറ്റൊക്കെ ഈസിയായി ഓടിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയെ എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. പെൺകുട്ടികൾ ഇതൊന്നും അവരുടെ സ്വപ്നമായി കാണുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പൊതുയിടങ്ങളിൽ സ്ത്രീകൾ കടന്നുവരണം.

യാത്രയിലെ അനുഭവങ്ങൾ
ഈ യാത്രയിലുടനീളം എനിക്കുണ്ടായത് പോസിറ്റീവ് അനുഭവങ്ങൾ മാത്രമാണ്. യാത്രയ്ക്കിടെ മുട്ടിന് ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ബൈക്ക് കിക്കർ സ്റ്റാർട്ട് അടിക്കേണ്ട സമയത്ത് സഹായിക്കാൻ പലരും എത്തിയിരുന്നു. ബാഗ് ശരിയായ സ്ഥാനത്ത് വച്ച് തരാനും മറ്റ് കാര്യങ്ങൾക്കുമായി സഹായ ഹസ്തങ്ങൾ നീട്ടാൻ ഒരുപാട് പേരുണ്ടായിരുന്നു.

കേരളം എത്ര മനോഹരം
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് അടുക്കുമ്പോൾ നേരിട്ട് കാണുന്ന മനുഷ്യർ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. താജ് മഹൽ എന്നൊക്കെ കേൾക്കുമ്പോൾ പലരുടെയും മുഖത്ത് അത്ഭുതമാണ്. ചില സ്ഥലങ്ങളിൽ വച്ച് വഴി ചോദിച്ചപ്പോൾ മുഗൾ ചക്രവർത്തിമാരുടെ ചരിത്രം മുഴുവൻ പറയേണ്ടി വന്നിട്ടുണ്ട്. ആഗ്രയെന്ന പേരുപോലും കേൾക്കാത്ത ജനവിഭാഗത്തെ നേരിട്ടുകണ്ടു. ചരിത്രബോധമൊന്നും അറിയാത്ത ഒട്ടേറെ മനുഷ്യർ എന്നെ അത്ഭുതപ്പെടുത്തി. കേരളമൊക്കെ എത്ര മനോഹരമാണെന്നാണ് ആ സമയത്ത് തോന്നിയത്. 300 കിലോ മീറ്ററോളം ആൾവാസമില്ലാത്ത സ്ഥലത്തുകൂടി സഞ്ചരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |