SignIn
Kerala Kaumudi Online
Sunday, 27 July 2025 2.12 AM IST

കോഴഞ്ചേരി പ്രസംഗം ഓർമ്മിപ്പിക്കുന്നത് ഒന്നായാലേ നന്നാകൂ

Increase Font Size Decrease Font Size Print Page

c-kesavan

കേരള ചരിത്രത്തിലെ സിംഹ ഗർജ്ജനമായിരുന്ന ധീര വിപ്ളവകാരി സി. കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന് ഇന്ന് 90 വയസാകുന്നു. വാക്‌ധോരണിയിലൂടെ ഗർജ്ജിക്കുന്ന സിംഹത്തെപ്പോലെ വിരാജിച്ച ധീരദേശാഭിമാനിയാണ് സി. കേശവൻ. തിരുവിതാംകൂറിലെ അവശ, പിന്നാക്ക ജനവിഭാഗങ്ങൾ നടത്തിയ നിവർത്തന പ്രക്ഷോഭത്തിന്റെ വിജയത്തിലേക്കുള്ള ചുവടുവയ്പായിരുന്നു ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം. ക്രൈസ്തവ മഹാസഭയുടെ നേതൃത്വത്തിൽ 1935 മേയ് 11 നു ചേർന്ന ക്രൈസ്തവ, ഈഴവ, മുസ്ലിം രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച സി. കേശവന്റെ പ്രസംഗം അധികാര കേന്ദ്രങ്ങളെ പിടിച്ചു കുലുക്കിയതിനൊപ്പം തിരുവിതാംകൂറിന്റെ രാഷ്ട്രീയഗതി തന്നെ മാറ്റി മറിച്ചു!

അന്നത്തെ സർക്കാരിനും മഹാരാജാവിന്റെ നിയമോപദേഷ്ടാവായിരുന്ന സർ സി.പി. രാമസ്വാമി അയ്യർക്കും എതിരായ ഗർജ്ജനം നിവർത്തന പ്രക്ഷോഭത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനത്തിനുള്ള താക്കീത് കൂടിയായിരുന്നു. പ്രസംഗത്തിലെ വിവാദമായ ഒരു ഭാഗം ഇങ്ങനെയായിരുന്നു: 'സർ സി.പി യെയാണ് ഞാൻ സൂചിപ്പിക്കുന്നത്. നമുക്ക് ആ ജന്തുവിനെ വേണ്ട. ആ മനുഷ്യൻ ഈഴവർക്കോ ക്രിസ്ത്യാനികൾക്കോ മുസ്ലിങ്ങൾക്കോ ഒരു ഗുണവും ചെയ്യില്ല. ആ മാന്യൻ വന്ന ശേഷമാണ് തിരുവിതാംകൂറിന് ചീത്തപ്പേര് കിട്ടാൻ തുടങ്ങിയത്. ആ മനുഷ്യൻ പുറത്തുപോകും വരെ ഈ രാജ്യത്തിന് നന്മയൊന്നും ഉണ്ടാകില്ല..."

പ്രസംഗം വൻ വിവാദമായതോടെ രാജ്യദ്രോഹപരവും,​ സമുദായങ്ങൾ തമ്മിൽ വിദ്വേഷം വളർത്താൻ ഇടയാക്കുന്നതുമാണെന്ന് ആരോപിച്ച് കേസെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലാ മജിസ്‌ട്രേട്ട് കോടതി അദ്ദേഹത്തിന് രണ്ടുവർഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. സി. കേശവൻ ജയിലിലായതോടെ പ്രക്ഷോഭം കെട്ടടങ്ങുമെന്നാണ് സർക്കാർ കരുതിയത്. എന്നാൽ നാടെങ്ങും പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഒടുവിൽ സംയുക്ത രാഷ്ട്രീയ സമിതിയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറായി. പിന്നാക്ക വിഭാഗങ്ങളുടെ നാവായി പ്രവർത്തിച്ച സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ പ്രസക്തിയിലും ശക്തിയിലുമാണ് ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ലഭിച്ചത്.

മാറ്റങ്ങളുടെ

മഹാഗർജനം

ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ആവശ്യപ്പെട്ട് ഈഴവ, മുസ്ലിം,​ ക്രൃസ്ത്യൻ സമുദായങ്ങൾ സംയുക്തമായി നടത്തിയ നിവർത്തന പ്രക്ഷോഭത്തിന് ഊർജ്ജം പകരാനാണ് കോഴഞ്ചേരിയിൽ അദ്ദേഹം ആയിരങ്ങൾക്കു മുന്നിൽ കത്തിജ്ജ്വലിച്ചത്. അധികാരികളുടെ മസ്തിഷ്‌കങ്ങളെ കാട്ടുതീ പോലെ പൊള്ളിച്ച മഹാഗർജ്ജനമായിരുന്നു അത്. സവർണ മാടമ്പിത്തത്തിനെതിരെ സംഘടിച്ച് സന്ധിയില്ലാതെ സമരം ചെയ്ത് അവകാശങ്ങൾ പിടിച്ചുവാങ്ങണമെന്നായിരുന്നു കോഴഞ്ചേരി പ്രസംഗത്തിലൂടെ സി. കേശവന്റെ ആഹ്വാനം. 1888- ൽ തിരുവിതാംകൂർ രാജാവിനു കീഴിൽ നിയമസഭ നിലവിൽ വന്നെങ്കിലും പിന്നാക്കക്കാർ തുടർച്ചയായി അവഗണന നേരിടുകയായിരുന്നു. നിയമസഭയിലേക്ക് 1922, 25, 28, 31 വർഷങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ജനസംഖ്യയുടെ 8.69 ശതമാനമായിരുന്ന ഈഴവരിൽ നിന്ന് ഒരാൾ പോലും നിയമസഭയിലെത്തിയില്ല.

ജനസംഖ്യയുടെ 3.53 ശതമാനമായിരുന്ന മുസ്ലിങ്ങളുടെ സ്ഥിതിയും സമാനമായിരുന്നു. എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ആകെ ജനസംഖ്യ അന്ന് 16.04 ശതമാനമായിരുന്നു. അവരുടെ പ്രാതിനിദ്ധ്യം 1922-ലെ തിരഞ്ഞെടുപ്പിലെ ഏഴിൽ നിന്ന് 1931-ൽ എത്തിയപ്പോൾ നാല് ആയി കുറഞ്ഞു. എന്നാൽ ജനസംഖ്യയുടെ 8.68 ശതമാനമായിരുന്ന നായർ സമുദായ പ്രാതിനിദ്ധ്യം 1922 ലെ 12-ൽ നിന്ന് 1931 എത്തിയപ്പോൾ 15 ആയി ഉയർന്നു! കരം കെട്ടിയിരുന്നവർക്കു മാത്രമായിരുന്നു സഭകളിലേക്കുള്ള വോട്ടവകാശം. ഈഴവ, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ ഭൂവുടമകൾ അന്ന് കരം കെട്ടിയിരുന്നെങ്കിലും ഈ ഭൂമികളുടെ മുൻ ഉടമസ്ഥരായ സവർണർക്കു മാത്രമായിരുന്നു വോട്ടവകാശം. ഈ അനീതിക്കെതിരെയാണ് ഈഴവ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ ഒന്നിച്ച് സംയുക്ത രാഷ്ട്രീയ സമിതിക്ക് രൂപം നൽകി നിവർത്തന പ്രക്ഷോഭം ആരംഭിച്ചത്.

പ്രസംഗത്തിന്റെ

ഊർജപ്രവാഹം

അതിന്റെ ഭാഗമായി കോഴഞ്ചേരിയിൽ നടത്തിയ പ്രസംഗത്തിലൂടെ സി. കേശവൻ ആവശ്യപ്പെട്ടത് സംഘടിച്ച് സന്ധിയില്ലാതെ സമരം ചെയ്ത് അവകാശങ്ങൾ പിടിച്ചുവാങ്ങണമെന്നാണ്. എസ്.എൻ.ഡി.പി യോഗം സംഘടിപ്പിച്ച യോഗത്തിലാണ് സംയുക്ത സമരം എന്ന ആശയം ആദ്യമുയർന്നത്. യോഗത്തിന്റെയും നേതാവായിരുന്ന സി. കേശവനായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യ അമരക്കാരൻ. നിവർത്തന പ്രക്ഷോഭ പ്രചാരണത്തിന്റെ ഭാഗമായി 1935 മേയ് 11-ന് കോഴഞ്ചേരിയിൽ സംഘടിപ്പിച്ച യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ടായിരുന്നു സി.കേശവന്റെ പ്രസംഗത്തിന്റെ ഇടിമുഴക്കം.

അധികാരികൾക്ക് നിവർത്തന പ്രക്ഷോഭകാരികളോട് അനുനയത്തിന് തയ്യാറാകേണ്ടി വന്നതോടെ ഈഴവ, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്ന് കൂടുതൽ പേർ നിയമസഭകളിലേക്കെത്തി. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മിഷനടക്കം പിന്നാക്കക്കാർക്ക് അനുകൂലമായ പല തീരുമാനങ്ങളും സമരത്തിന്റെ ഫലമായി പിന്നീടുണ്ടായി. ചെറുപ്പത്തിലേ അസമത്വത്തിനും അനീതിക്കും വിധേയനായ സി. കേശവൻ കൊല്ലം കോടതികളിൽ അഭിഭാഷകനായിരിക്കെയാണ് രാഷ്ട്രീയത്തിലെത്തിയത്. ആദ്യത്തെ ത്രിമൂർത്തി മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം മന്ത്രിസഭയുടെ തകർച്ചയെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായി.

സംസ്ഥാനത്ത് ആദ്യമായി ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത് സി. കേശവൻ 1951-ൽ തിരു- കൊച്ചി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ട് ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങൾ പിന്നീട് അവകാശങ്ങൾ ഓരോന്നായി പിടിച്ചുവാങ്ങി. ഇപ്പോഴും അവർ അതു തുടരുന്നു. എന്നാൽ സംഘടിച്ചു ശക്തരാകാൻ ആഹ്വാനം ചെയ്ത ശ്രീനാരായണ ദർശനത്തിലൂന്നി പ്രവർത്തിക്കുന്ന എസ്.എൻ.ഡി.പി യോഗം പ്രവർത്തകർക്ക് ആ ആവേശം നിലനിറുത്താനാകാതെ പോയതിനാൽ ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും ലഭിക്കുന്നില്ല.

ഭിന്നത തന്നെ

പ്രധാന വില്ലൻ

സമുദായ ബലത്തിൽ കേരളത്തിൽ ഒന്നാമതായിട്ടും അതിന് ആനുപാതികമായ പ്രാതിനിദ്ധ്യം നിഷേധിക്കപ്പെടുന്നത് നമ്മുടെ ബലഹീനതയാണ്. ദേവസ്വം ബോർഡുകളിലടക്കം മുന്നാക്കക്കാർ ബഹുഭൂരിപക്ഷം അവസരങ്ങളും സ്വന്തമാക്കി വച്ചിട്ടും സർക്കാരിനെ സ്വാധീനിച്ച് 10 ശതമാനം മുന്നാക്ക സംവരണം നേടിയെടുക്കാൻ അവർക്കായി. കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമനം ലഭിച്ചെത്തിയ ഒരാൾക്ക് ഈഴവനാണെന്നതിന്റെ പേരിൽ നേരിടേണ്ടിവന്ന ജാതിവിവേചനം നവോത്ഥാന കേരളത്തിന് നാണക്കേടാണ്. എന്തിനുവേണ്ടിയാണോ സി. കേശവനെപ്പോലുള്ള മഹാരഥന്മാർ പോരാടിയത്, അതേ സാഹചര്യം ഇന്നും നിലനിൽക്കുന്നുവെന്നത് പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല.നമുക്കൊപ്പം പോരാടിയവർ നമ്മെ പിന്നിലാക്കി കുതിക്കുമ്പോഴെങ്കിലും നമുക്കിടയിലെ ഭിന്നതയാണ് പ്രധാന വില്ലനെന്ന യാഥാർത്ഥ്യം തിരിച്ചറിയണം.

ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താനും നേടിയെടുക്കാനും മത, സാമുദായിക സംഘടനകൾക്കു പുറമെ സ്വന്തം രാഷ്ട്രീയ പാർട്ടികളും അവർക്കുണ്ട്. സമുദായത്തിന്റെയും മതത്തിന്റെയും പൊതുവായ ആവശ്യങ്ങൾക്കു പുറമെ തങ്ങളുടെ വിഭാഗത്തിലെ ഒരു വ്യക്തിക്ക് ഉന്നത സ്ഥാനങ്ങൾ ഉറപ്പിക്കാനും കക്ഷി രാഷ്ട്രീയത്തിനതീതമായി ഇക്കൂട്ടർ ഒന്നിക്കും. കേരളത്തിലെ കോൺഗ്രസിൽ ഇപ്പോൾ നടന്ന നേതൃമാറ്റം ഇക്കാര്യം ഒന്നുകൂടി അടിവരയിടുന്നതാണ്. പാർട്ടിക്ക് മികച്ച നേട്ടങ്ങൾ നൽകിയ കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി,​ പകരം ക്രൈസ്തവ സഭയുടെ താത്പര്യങ്ങൾക്കു വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ പ്രതിഷ്ഠിച്ചത്. ഇത് കേരളത്തിലെ കോൺഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയേണ്ടതാണ്.

സുധാകരൻ കരുത്തനും മിടുക്കനും പ്രഗത്ഭനുമായ കെ.പി.സി.സി പ്രസിഡന്റായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തെത്തിയ ഘട്ടത്തിൽ കോൺഗ്രസിൽ ഒരു യുദ്ധത്തിനു തന്നെ വഴിവയ്ക്കുന്ന തീരുമാനമാണിത്. കേരളത്തിലെ കോൺഗ്രസ് കഴിഞ്ഞ കുറെക്കാലമായി ഈഴവവിരുദ്ധ പാർട്ടിയായി മാറിയെന്നത് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്. കേരള നിയമസഭയിലെ പ്രതിപക്ഷത്തെ ഈഴവ പ്രാതിനിദ്ധ്യം ഒറ്റയാളിൽ മാത്രമായി ഒതുങ്ങുന്നുവെന്നതു തന്നെ ഇതിന് ഉദാഹരണമാണ്. ഈ ഘട്ടത്തിലാണ് നമ്മളിൽ ചിലർ ഈ നീക്കങ്ങൾക്കെതിരെ പോരാടുന്ന എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. ഈ മഹാപ്രസ്ഥാനത്തെ എങ്ങനെയും ഇല്ലായ്മ ചെയ്യുകയെന്ന നിലയിലേക്ക് അവർ മാറിയിരിക്കുന്നു.

ശ്രീനാരായണ ഗുരു തിരികൊളുത്തിയ ഈ മഹാപ്രസ്ഥാനത്തിനും സമുദായ താത്പര്യങ്ങൾക്കും അതീതമായി അവരുടെ വൈരാഗ്യബുദ്ധി വികൃതരൂപം പ്രാപിച്ചിരിക്കുകയാണ്. പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടി എസ്.എൻ.ഡി.പി യോഗം നിരന്തരം ശബ്ദമുയർത്തുന്നത് രാഷ്ട്രീയ പാർട്ടികളെയും ചില സമുദായ സംഘടനകളെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്. അവരും യോഗത്തെ തകർക്കാൻ തക്കം പാർത്തിരിക്കുകയാണ്. സർക്കാർ മേഖലയിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം കൈക്കലാക്കാൻ സവർണ, ന്യൂനപക്ഷ സമുദായങ്ങൾ ഒരുമിച്ചു നിൽക്കുന്ന ഈ കാലത്തും ഈഴവർ തമ്മിലടിച്ച് സ്വയം നശിക്കുകയാണ്. ഇത് അവസാനിപ്പിച്ച് ഒന്നായാലേ നന്നാകൂ എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. കോഴഞ്ചേരി പ്രസംഗത്തിന്റെ ഈ ഓർമ്മ ദിനത്തിലെങ്കിലും ആ ചിന്ത നമ്മുടെ മനസുകളിൽ നിറയട്ടെ.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.