കല്ലമ്പലം: അനുജനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ബാലികയ്‌ക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂർ വിടയത്ത് ലക്ഷംവീട് കോളനിയിൽ എൻ.എൻ.ബി ഹൗസിൽ സഹദിന്റെയും നാദിയയുടെയും മൂത്ത മകൾ റുക്സാനയാണ് (8) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. ഒന്നരവയസുകാരനായ അനുജൻ സ്വാലിദ് വീടിനു പിന്നിൽ കളിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. ഇതിനിടെ സമീപത്തെ വസ്തുവിലെ പാഴ് മരം ഒടിയുന്ന ശബ്ദംകേട്ട റുക്സാന അനുജനെ രക്ഷിക്കാൻ ഓടിയെത്തുകയായിരുന്നു. അതിനിടെയാണ് മരം റുക്സാനയുടെ ദേഹത്ത് വീണത്. സ്വാലിദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റുക്സാനയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് എസ്.എ.ടിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂലിപ്പണിക്കാരനാണ് പിതാവ്. സഹോദരങ്ങൾ : റഹീസഫാത്തിമ, സ്വാലിദ്. പേരൂർ എം.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടവൂർ മുസ്ലിം ജമാഅത്തിൽ ഖബറടക്കി. വി. ജോയി എം.എൽ.എ അടക്കം നിരവധിപേർ സംസ്കാരചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |