പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐ.ടി.സിക്ക് സമീപത്തെ അപകട വളവിൽ അപകടങ്ങൾ നിത്യസംഭവമാവുന്നു. ഒട്ടേറെ ജീവനുകൾ അപകടത്തിൽ ഇവിടെ പൊലിഞ്ഞതുമാണ്. ഏറ്റവും ഒടുവിൽ കെ.എസ്.ആർ.ടി.സിയും മിനി പാർസൽ വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് ബിരുദ വിദ്യാർത്ഥിനികളാണ് മരണമടഞ്ഞത്. നിരവധിപേർക്ക് പരിക്കു പറ്റുകയുംചെയ്തു. ഇപ്പോഴും പലരും ചികിത്സയിൽ തുടരുകയാണ്. തുടർന്നും ചെറുതും വലുതുമായ അപകടങ്ങളുണ്ടായി. അപകടത്തിന് മുഖ്യ കാരണമാകുന്നത് അശാസ്ത്രീയമായ റോഡും റോഡരികിലെ അനധികൃത പാർക്കിംഗുമാണ്. ഇത്രയും അപകടങ്ങൾ ഇവിടെ നടന്നിട്ടും റോഡിന്റെ അശാസ്ത്രീയത പരിഹരിക്കുവാനോ മറ്റോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ഇടത്ത് ടൂറിസ്റ്റ് ബസുകളും ചരക്ക് ലോറികളും നിറുത്തിയിടുന്നത് പതിവാണ്. വർഷങ്ങൾ മുൻപ് ദേശീയപാത നീതി കൂട്ടുന്നതിന് ഭാഗമായി റോഡിലെ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതി കൂട്ടിയിരുന്നു. എന്നാൽ ഇവിടെ റോഡ് പഴയ പടി വളവോടുകൂടി ഉള്ളതിനാലും വീതി കൂട്ടിയ ഇടങ്ങളിൽ മറ്റ് വാഹനങ്ങൾ നിറുത്തിയിടുന്നതിനാലും വളവിൽ എതിരെ വരുന്ന വാഹനങ്ങൾ ശ്രദ്ധയിൽപ്പെടാറില്ല. മുൻപ് കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടപ്പോഴും രണ്ട് ചരക്കുലോറികളും ഒരു ടൂറിസ്റ്റ് ബസ്സും ഇവിടെ പാർക്ക് ചെയ്തിരുന്നു. റോഡിന് ഏറെ വീതിയുള്ളതിനാൽ അപകട ഭീഷണി കുറയ്ക്കുവാനായി റോഡ് രണ്ടുവരി പാതയാക്കി മാറ്റണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇങ്ങനെ ചെയ്താൽ അനധികൃത പാർക്കിംഗും അപകടവും ഇല്ലാതാക്കാം എന്നാണ് നാട്ടുകാരുടെ നിഗമനം. ഇതിനായി ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |