ശ്രീനഗർ: തീവ്രവാദിയായ സ്വന്തം മകനോട് കീഴടങ്ങണമെന്ന് അപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ ഗതികേട് വളരെയധികം വേദന ഉളവാക്കുന്നതാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ ആമിർ നസീറിനോടാണ് അമ്മ ആവശ്യം ഉന്നയിച്ചത്. കീഴടങ്ങാൻ അമ്മ മകനോട് അപേക്ഷിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അമ്മയോട് സംസാരിക്കുമ്പോൾ ആമിർ എകെ-47 പിടിച്ചുനിൽക്കുന്നതും കാണാം. ആമിറിന്റെ അവസാന വീഡിയോ കോളായിരുന്നു അത്. കീഴടങ്ങാൻ അമ്മ പറഞ്ഞെങ്കിലും അയാൾ സുരക്ഷാ സേനയെ വെല്ലുവിളിച്ച് അമ്മയുടെ ആവശ്യത്തെ നിരസിച്ചു. "സൈന്യം മുന്നോട്ട് വരട്ടെ, അപ്പോൾ ഞാൻ നോക്കാം," എന്നായിരുന്നു മറുപടി.
ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ നാദിർ എന്ന ഗ്രാമത്തിൽ വെച്ചാണ് പിന്നീട് സുരക്ഷാ സേനയുമായുള്ള വെടിവയ്പ്പിൽ മൂന്ന് ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ഭീകരർ കൊല്ലപ്പെട്ടത്. ഇയാളെ കൂടാതെ മറ്റ് ഭീകരരായ ആസിഫ് ഷെയ്ഖ്, യാവർ അഹമ്മദ് ഭട്ട് എന്നിവരെയും സൈന്യം വധിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിനു മുമ്പ് അവർ ഒളിച്ചിരുന്ന വീട്ടിൽ നിന്നാണ് ആമിർ വീഡിയോ കോൾ ചെയ്തത്. ആമിറിന്റെ അമ്മയും സഹോദരിയും വീഡിയോ കോളിൽ ഇയാളോട് സംസാരിച്ചു. ആസിഫിന്റെ സഹോദരിയുമായും ഇയാൾ സംസാരിച്ചു, സുരക്ഷാ സേനയുടെ ആക്രമണത്തിനിടെ നടത്തിയ ഭീകരതയ്‌ക്കെതിരായ നടപടിയിൽ ട്രാൽ മേഖലയിലെ വീട് ഐഇഡി ഉപയോഗിച്ച് തകർത്ത അതേ തീവ്രവാദിയാണ് ആസിഫ്. ഭീകരർ കീഴടങ്ങണമെന്നായിരുന്നു സുരക്ഷാ സേന ആവശ്യപ്പെട്ടത്. എന്നാൽ ഭീകരർ അതിന് തയ്യാറായില്ല. 48 മണിക്കൂറിനിടെ കാശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് മൂന്ന് എകെ-47 തോക്കുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |