ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കും മുമ്പ് പാകിസ്ഥാനെ ആക്രമണ വിവരം അറിയിച്ചത് കേന്ദ്ര സർക്കാർ ചെയ്ത വലിയ പിശകാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഘർഷത്തിൽ എത്ര ഇന്ത്യൻ വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഓപ്പറേഷൻ ആരംഭിക്കുംമുമ്പ് ഭീകര താവളങ്ങൾ തകർക്കുമെന്ന് പാകിസ്ഥാനെ അറിയിച്ചെന്ന വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്‌താവനയെ ഏറ്റുപിടിച്ചാണ് വിമർശനം. ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ പാകിസ്ഥാനെ അറിയിക്കുന്നത് കുറ്റകൃത്യമാണ്. വിവരങ്ങൾ അറിയിച്ചെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. അതിന് അദ്ദേഹത്തെ ആരാണ് ചുമതലപ്പെടുത്തിയത്. അതിന്റെ ഫലമായി വ്യോമസേനയ്ക്ക് എത്ര വിമാനങ്ങൾ നഷ്‌ടമായെന്നും രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ വിമാനങ്ങൾ നഷ്ടപ്പെട്ടോയെന്ന് സൈന്യമോ, സർക്കാരോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. റഫാൽ വിമാനം പാക് സേന വെടിവച്ചിട്ടെന്ന് ചില വിദേശ മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നെങ്കിലും ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ഏതൊരു പോരാട്ടത്തിലും നഷ്ടങ്ങളുണ്ടാകുമെന്ന പരോക്ഷ മറുപടിയാണ് സൈന്യം നൽകിയത്. എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്നും വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവരങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു. പകരം എൻ.ഡി.എ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെയും അവർ എതിർക്കുന്നു. ഇതിനിടെയാണ് രാഹുലിന്റെ വിമർശനം. ഓപ്പറേഷൻ സിന്ദൂർ ബി.ജെ.പിയും എൻ.ഡി.എയും രാഷ്ട്രീയ നേട്ടമാക്കാനുള്ള നീക്കത്തിന് തടയിടുകയാണ് പ്രതിപക്ഷ ലക്ഷ്യം. ഇന്ത്യാ-പാക് സംഘർഷമുണ്ടായ ശേഷം രാഹുലിന്റെ ആദ്യ പ്രസ്‌താവനയാണിത്.
അറിയിച്ചത് ആദ്യഘട്ടം
കഴിഞ്ഞപ്പോൾ
ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടം കഴിഞ്ഞപ്പോളാണ് പാകിസ്ഥാനെ അറിയിച്ചതെന്നും അക്കാര്യമാണ് എസ്. ജയശങ്കർ പറഞ്ഞതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
ഓപ്പറേഷൻ ആരംഭിച്ചപ്പോൾ തന്നെ, ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുകയാണെന്ന് പാകിസ്ഥാന് സന്ദേശം അയച്ചെന്നും സൈന്യത്തെ അക്രമിക്കില്ലെന്ന് അറിയിച്ചില്ലെന്നും ജയശങ്കർ പറഞ്ഞിരുന്നു. ഇതിലൂടെ സൈന്യത്തിന് വേറിട്ടുനിൽക്കാനുള്ള അവസരമുണ്ടെന്നാണ് ഇന്ത്യ പറഞ്ഞത്. എന്നാൽ ആ നല്ല ഉപദേശം അവർ സ്വീകരിച്ചില്ലെന്നും ഡൽഹിയിൽ മാദ്ധ്യമ പ്രവർത്തകരോട് ജയശങ്കർ പറഞ്ഞിരുന്നു.
മേയ് 7 ന് പുലർച്ചെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം ഇന്ത്യയുടെ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് പാകിസ്ഥാൻ മിലിട്ടറി ഓപ്പറേഷൻസ് മേധാവി മേജർ ജനറൽ കാഷിഫ് അബ്ദുള്ളയുമായി നടത്തിയ ഫോൺ സംഭാഷണത്തെ പരാമർശിച്ചാണ് ജയശങ്കർ ഇക്കാര്യം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |