ന്യൂഡൽഹി: ഇന്ത്യൻ സൈനിക വിവരങ്ങൾ പാകിസ്ഥാന് കൈമാറിയയതിന് യൂട്യൂബർ അറസ്റ്റിൽ. 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാന ഹിസാർ സ്വദേശി ജ്യോതി മൽഹോത്ര എന്ന ജ്യോതി റാണിയാണ് (33) അറസ്റ്റിലായത്. ഇവരടക്കം ആറ് പേർ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്ന് ചാരവൃത്തിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടത്തിലാക്കിയതിനും ചാരവൃത്തി ആരോപിച്ചും കേസെടുത്ത ജ്യോതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
യൂട്യൂബിൽ യാത്രാ വിവരണങ്ങൾ പങ്കിടുന്ന ജ്യോതി കഴിഞ്ഞ ദിവസം ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥൻ എഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷ് വഴിയാണ് നിർണായക വിവരങ്ങൾ ചോർത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ നീക്കമടക്കം തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് റഹീമിനോട് അടിയന്തരമായി രാജ്യം വിടാൻ ഉത്തരവിട്ടു.
2023ൽ പാകിസ്ഥാൻ സന്ദർശിക്കാനുള്ള വിസയ്‌ക്കായി പോയപ്പോളാണ് ഡൽഹിയിലെ ഹൈക്കമ്മിഷനിൽ വച്ച് റഹീമിനെ പരിചയപ്പെടുന്നത്. പാകിസ്ഥാനിൽ താമസ സൗകര്യങ്ങൾ ഒരുക്കിയത് റഹീമിന്റെ പരിചയക്കാരൻ അലി അഹ്വാൻ വഴിയായിരുന്നു. പിന്നീട് ഒരിക്കൽ കൂടി അവർ പാകിസ്ഥാനിൽ പോയി. അലി അഹ്വാൻ വഴി പാകിസ്ഥാൻ സുരക്ഷാ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരായ ഷാക്കിർ, റാണ ഷഹ്ബാസ് എന്നിവരെ പരിചയപ്പെട്ടു.ഷാക്കിറിന്റെ മൊബൈൽ നമ്പർ സംശയം തോന്നാതിരിക്കാൻ 'ജാട്ട് രൺധാവ' എന്ന പേരിലാണ് ജ്യോതി സേവ് ചെയ്‌തത്. ഇന്ത്യയിലെത്തിയ ശേഷം വാട്ട്‌സ്ആപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പാക് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടു. ദേശവിരുദ്ധ വിവരങ്ങൾ കൈമാറി. ഇതിനിടയിൽ റഹീമിനെ പലതവണ കണ്ടുമുട്ടിയെന്നും ജ്യോതി പൊലീസിനോട് സമ്മതിച്ചു.
പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയതിന് ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് സെക്യൂരിറ്റി ഗാർഡ് നൗമാൻ ഇലാഹിയും(24) ഇന്ത്യൻ തോക്കുകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതിന് പഞ്ചാബ് സ്വദേശിയും പാട്യാലാ ഖൽസ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ ദേവേന്ദ്ര സിംഗ് ധില്ലണും(25) അറസ്റ്റിലായി. ദേവേന്ദ്ര കഴിഞ്ഞ വർഷം നവംബറിൽ കർതാർപൂർ ഇടനാഴി വഴി പാകിസ്ഥാനിലേക്ക് പോയപ്പോൾ ഐ.എസ്.ഐ ഉദ്യോഗസ്ഥർക്ക് പട്യാല സൈനിക കന്റോൺമെന്റിന്റെ ചിത്രങ്ങൾ കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |