പൊന്ന് കായ്ക്കുന്ന മരമായാലും കൂരയ്ക്ക് മേലേ ചാഞ്ഞാൽ മുറിച്ചു കളയണമെന്നാണ് പ്രമാണം. പക്ഷേ, മരം പെട്ടെന്ന് എങ്ങനെ മുറിക്കും? മുറിക്കാതിരുന്നാൽ കൂരയ്ക്ക് മേൽ പതിക്കില്ലേ? പാർട്ടി എം.പിയും പ്രവർത്തക സമിതി അംഗവുമായ ശശി തരൂരിന്റെ കാര്യത്തിൽ അത്തരമൊരു ദുരവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം. വേണ്ടിടത്തും വേണ്ടാത്തിടത്തും മോദി സ്തുതി ഉൾപ്പെടെ പാർട്ടിയുടെ വളയം വിട്ടുള്ള ചാട്ടം ശശി തരൂർ തുടങ്ങിയിട്ട് നാളേറെയായി. പലതും കണ്ടില്ലെന്ന് നടിച്ചു. ഒടുവിൽ, ഇന്ത്യ-പാക് സംഘർഷവുമായി ബന്ധപ്പെട്ട മോദി സർക്കാരിന്റെ ചില ചെയ്തികളെ കോൺഗ്രസ് വിമർശിച്ചപ്പോൾ, അതിനെ തള്ളിപ്പറയാൻ ബി.ജെ.പി നേതാക്കളെക്കാൾ മുന്നിൽ നിന്നതും അതേ തരൂർ. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ ഹൈക്കമാൻഡ് അദ്ദേഹത്തിന് താക്കീത് നൽകി. പക്ഷേ, താക്കീത് ലഭിച്ചിട്ടില്ലെന്ന് തരൂരും! കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന തന്ത്രം മോദി സംഘം അതോടെ പുറത്തെടുത്തു. ഭീകരവാദികൾക്ക് പാകിസ്ഥാൻ പിന്തുണ നൽകുന്ന കാര്യം ലോകസമക്ഷം തുറന്നു കാട്ടാൻ ബി.ജെ.പി വിദേശത്തേക്ക് അയ്ക്കുന്ന ഏഴ് സംഘങ്ങളിൽ ഒന്നിന്റെ തലവൻ സാക്ഷാൽ തരൂർ! അക്കാര്യം പുറത്തുവിട്ടതിന് ശേഷമാണ് കോൺഗ്രസിന്റെ പ്രതിനിധികളെ മോദി സർക്കാർ തേടുന്നത്. കോൺഗ്രസിന്റെ ചങ്കിൽ കൊള്ളുന്ന പണി! പാർട്ടിയോട് ചോദിക്കാതെ തരൂർ സമ്മതവും മൂളിയത്രെ. സർക്കാർ ചെയ്തത് നാരദപ്പണിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഐക്യരാഷ്ട്രസഭയിൽ മുൻ അണ്ടർ സെക്രട്ടറി ജനറലും, ഇന്ത്യൻ പാർലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതി ചെയർമാനുമാണ്, തരൂർ. പക്ഷേ, പാർട്ടി കൊടുത്ത നാല് എം.പിമാരുടെ പട്ടികയിൽ തരൂരില്ല. വേലിയിൽ കിടക്കുന്ന പാമ്പിനെ എന്തിനെടുത്ത് വേണ്ടാത്തിടത്ത് വയ്ക്കണം. അതറിഞ്ഞുകൊണ്ടു തന്നെയാണല്ലോ മോദി സർക്കാർ അദ്ദേഹത്തെ ഉൾപ്പെടുത്തിയതും. രാജ്യതാത്പര്യം മുന്നിൽ വരുമ്പോഴും, തന്റെ സേവനം ആവശ്യമായി വരുമ്പോഴും താൻ പിന്നോട്ട് പോകില്ലെന്നാണ് പാർട്ടിയെ അറിയിക്കാതെ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചതിന് തരൂർ പറയുന്ന ന്യായം. അദ്ദേഹം ഏതുവരെ
പോകുമെന്ന് നോക്കുകയാണത്രെ പാർട്ടി നേതൃത്വം. സാമം, ദാനം, ഭേദം, ദണ്ഡം. കൂടുതൽ, പുകഞ്ഞാൽ ആ കൊള്ളി പുറത്ത് !
തൃശൂർ പൂരം വെടിക്കെട്ടിന്റെ പിറ്റേന്ന് ആളൊഴിഞ്ഞ പൂരപ്പറമ്പിൽ പൊട്ടാതെ കിടക്കുന്ന ചില പടക്കങ്ങൾ 'ശൂ' എന്ന ചെറിയ ശീൽക്കാരത്തോടെ പൊട്ടി അമരുന്നത് കേൾക്കാം. അതുപോലെ, പാകിസ്ഥാന്റെ പ്രതിരോധശേഷിയെ തകർത്ത് തരിപ്പണമാക്കിയ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിന് ശേഷവും കാശ്മീർ, പഞ്ചാബ് അതിർത്തി ഗ്രാമങ്ങളിൽ പാക് ഭീകരന്മാർ ചില ഏറു പടക്കങ്ങൾ പൊട്ടിച്ചു. ഇന്ത്യയുടെ ധീര ജവാന്മാർ അതിനെയും തകർത്തു. കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പകരം പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കർദ്ദിനാൾമാരുടെ സിനഡ് വത്തിക്കാനിൽ തുടങ്ങിയതിന്റെ പിറ്റേദിവസം വെള്ളപ്പുക ദൃശ്യമായി. പുതിയ മാർപ്പാപ്പയായി ലിയോ പതിനാലാമൻ തിരഞ്ഞെടുക്കപ്പെട്ടു. ഈ സംഭവങ്ങൾക്കിടെ, ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിൽ രഹസ്യമായി നടന്നു മറ്റൊരു ഓപ്പറേഷൻ. കെ.പി.സി.സിയിലെ തല മാറ്റം. അഥവാ 'ഓപ്പറേഷൻ സുധാകർ". അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റാൻ ആർക്കും കഴിയില്ലെന്ന് പറഞ്ഞിരുന്ന കെ. സുധാകരൻ ഔട്ട്. പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് ഇൻ. വാഴ നനയുമ്പോൾ ചീരയും നനയുന്നത് പോലെ, വർക്കിംഗ് പ്രസിഡന്റ് യു.ഡി.എഫ് കൺവീനർ പദവികളിലും പുതുമുഖങ്ങളെത്തി. ഡൽഹി ഇന്ദിരാഭവനിൽ നിന്ന് ഉയർന്നതും ഐക്യത്തിന്റെ വെള്ളപ്പുകയാണന്ന് ചാനൽ ക്യാമറകൾക്ക് മുന്നിൽ വെളുക്കെ ചിരിച്ച് ഹൈക്കമാൻഡ്, ലോ കമാൻഡ് നേതാക്കൾ. ഇനി തങ്ങൾ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനവും. കേരള സംഘം തിരിച്ചെത്തിയതിന്റെ പിറ്റേന്ന്, കണ്ടുകൊതി തീരാത്തതിനാലാവാം വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചു. കെ.പി.സി.സി മുൻ അദ്ധ്യക്ഷന്മാരായ വി.എം. സുധീരനും കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ. സുധാകരനും വീണ്ടും മുഖം കാണിക്കാനെത്താത്തത് കല്ലുകടിയായി. പിന്നാലെ തന്നെ മൂലയ്ക്കിരുത്താൻ പാർട്ടിയിലെ ചിലർ ശ്രമിച്ചതായി കെ. സുധാകരന്റെ കൂരമ്പും. അപ്പോൾ, ഡൽഹിയിലെ ഇന്ദിരാഭവനിൽ നിന്ന് ഉയർന്നത് വെള്ളപ്പുകയല്ലേ? കോൺഗ്രസല്ലേ കക്ഷി, ഇനിയും പൊട്ടലും, ചീറ്റലും കേൾക്കാമെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന്റെ മുഖത്ത് ആഹ്ളാദച്ചിരി.
സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ മറ്റാര് പുതിയ കെ.പി.സി.സി പ്രസിഡന്റായാലും, അത് താനാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ഒരാളേയുള്ളൂ. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ. ഒരു നിബന്ധന മാത്രമേ അദ്ദേഹം വച്ചുള്ളൂ. പാർട്ടി പ്രവർത്തകർ ഫോട്ടോ കണ്ടാലെങ്കിലും തിരിച്ചറിയുന്ന ആളാവണം പുതിയ പ്രസിഡന്റ്. അതുകേട്ട് ചിലർക്ക് പൊള്ളിയതായി പറയുന്നു. 'അത് എന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്" എന്ന് സ്വയം ഉറപ്പിച്ച ഒരു നേതാവ്, 'അനർഹമായ പദവികളിൽ മുമ്പ് കയറിപ്പറ്റിയ ചിലർ" എന്ന് പത്രക്കാരോട് പറഞ്ഞ കൊള്ളിവാക്ക് തന്നെ തെളിവ്. പ്രസിഡന്റ് സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് തെറ്റല്ലെങ്കിലും ശരിയല്ലെന്നാണ് കെ. സുധാകരന്റെ വാദം. തീരുമാനത്തിൽ തനിക്ക് അതൃപ്തിയില്ലെന്നും, തന്നെ മാറ്റിയ സമയം ശരിയാണോ എന്നത് പാർട്ടിയും അണികളും തീരുമാനിക്കട്ടെയെന്നും സുധാകരൻ. കേരളത്തിലെ പാർട്ടിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തനിക്കെതിരെ നൽകിയ റിപ്പോർട്ടിന് പിന്നിൽ, തന്നെ മൂലയ്ക്കിരുത്താൻ ശ്രമിച്ച ചില നേതാക്കളാണെന്ന അദ്ദേഹത്തിന്റെ ഒളിയമ്പ് ചെന്ന് തറയ്ക്കുന്നത് ആർക്ക് നേരെയെന്നും വ്യക്തം.
വായ് വിട്ട വാക്കും, കൈവിട്ട കല്ലും തിരിച്ചെടുക്കാനാവില്ല. മൈക്ക് കിട്ടിയാൽ, വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന മട്ടിൽ തോന്നുന്നതെന്തും വിളിച്ചു പറയുന്നയാളല്ല സി.പി.എം നേതാവും, മുൻ മന്ത്രിയുമായ ജി. സുധാകരൻ. എങ്കിലും, കഴിഞ്ഞ ദിവസം എൻ.ജി.ഒ യൂണിയന്റെ ചടങ്ങിൽ അദ്ദേഹം നടത്തിയ പ്രസംഗം പാർട്ടിക്കും പുലിവാലായി. 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ ഇടതുസ്ഥാനാർത്ഥി കെ.വി. ദേവദാസിന് വേണ്ടി, ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്ന തന്റെ നേതൃത്വത്തിൽ തപാൽ ബാലറ്റുകൾ തുറന്ന് തിരുത്തിയെന്നാണ് സഖാവിന്റെ വെടി പൊട്ടിക്കൽ. പിന്നെ, കേസായി. കുരുക്കായി. പാർട്ടിക്കും പേരു ദോഷമായി. 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന് തുടർഭരണം ലഭിച്ചതുപോലും കിറ്റ് വിതരണം കൊണ്ടല്ല, ഇതു പോലുള്ള തിരഞ്ഞെടുപ്പ് അട്ടിമറി കൊണ്ടാണെന്നായി കോൺഗ്രസുകാർ. 'വേലി ചാടുന്ന പശുവിന് കോല് കൊണ്ട് മുറിവ്" എന്ന മട്ടിൽ സഖാവിനെ കൈയൊഴിഞ്ഞ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷ്. താൻ അൽപ്പം ഭാവന കലർത്തി അങ്ങനെ പറഞ്ഞത് പ്രസംഗ തന്ത്രമാണെന്നാണ് വ്യക്തമാക്കുന്ന സുധാകരൻ സഖാവ്, കുലുക്കമില്ല. കേസെടുത്താലും പറഞ്ഞ കാര്യത്തിന് തെളിവില്ല. തന്നെ അറസ്റ്റു ചെയ്യാൻ പൊലീസ് വരുന്നത് കാത്തിരിക്കുകയാണ് അദ്ദേഹം. പക്ഷേ, സുധാകരന്റെ കൈയിൽ ഇനിയും ഇത്തരം പ്രസംഗ തന്ത്രങ്ങളുണ്ടോ എന്നാണ് ഗോവിന്ദൻ മാഷിന്റെയും മറ്റും ആശങ്ക!
നുറുങ്ങ്:
ഇന്ത്യയും പാകിസ്ഥാനും യുദ്ധം നിറുത്തിയത് വ്യാപാരബന്ധം നിറുത്തിക്കളയുമെന്ന തന്റെ ഭീഷണിയിൽ ഭയന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
@അമേരിക്കയിലെ എട്ടുകാലി മമ്മൂഞ്ഞ്
(വിദുരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |