കൊണ്ടോട്ടി: വേനലവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സജീവമായി ജില്ലയിലെ സ്‌കൂൾ വിപണി. ബാഗ്, കുട, നോട്ട് പുസ്തകം, സ്റ്റേഷനറി സാധനങ്ങൾ, ചെരുപ്പ്, യൂണിഫോം തുടങ്ങി എല്ലാ കടകളിലും തിരക്ക് തുടങ്ങിയതായി വ്യാപാരികൾ പറയുന്നു.
പുത്തൻ ട്രെൻഡുകൾ നോക്കി ബാഗുകളും കുടകളും തിരഞ്ഞെടുക്കാനാണ് കുട്ടികൾക്ക് കൂടുതൽ ഇഷ്ടം. ഇതിൽ തന്നെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗുകൾക്കും കുടകൾക്കുമാണ് ആവശ്യക്കാരേറെ. ത്രിഡി പ്രിന്റുകളുള്ള ബാഗുകൾക്കും വിവിധ ഡിസൈനിലുള്ള ബോക്സുകൾക്കും ആരാധകരേറെയാണ്. സ്‌കൂൾ വിപണിയിലെ മിക്ക സാധനങ്ങൾക്കും ഈ വർഷം വില വർദ്ധിച്ചിട്ടുണ്ടെങ്കിലും അവയൊന്നും കച്ചവടത്തെ ബാധിച്ചിട്ടില്ല. ചെറിയ കുട്ടികളെ ആകർഷിക്കാർ ബഹുവർണ നിറത്തിലുള്ള കുടകളും ബാഗുകളും ബോക്സുകളുമായി മത്സരം തന്നെയാണ്. മിക്ക കച്ചവടക്കാരും പലവിധത്തിലുള്ള ഡിസ്‌കൗണ്ടുകളും നൽകുന്നുണ്ട്.
350 രൂപ മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള ബാഗുകളും 250 മുതൽ ആരംഭിക്കുന്ന കുടകളും റെയിൻ കോട്ടുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ എന്നിവയിലെല്ലാം പുത്തൻ വെറൈറ്റികൾ നോക്കുന്നവരാണ് മിക്കവരും. ചെറിയ കുട്ടികൾക്ക് കാർട്ടൂൺ കഥാപാത്രങ്ങളുള്ള ബഹുവർണ കുടകളാണ് ആവശ്യമെങ്കിൽ കോളേജ് കുട്ടികൾക്ക് ഏറ്റവും ചെറിയ നാനോ കുടകളും വലിയ കാലൻ കുടകളുമാണ് ആവശ്യം. ഇത്തവണ വേനൽ മഴ ഇടക്കിടെ ലഭിക്കുന്നതിനാൽ കുട വിപണി നേരത്തെ ഉണർന്നിട്ടുണ്ട്. മഴ സജീവമായാൽ 100 രൂപയുടെ റെയിൻകോട്ടിന് വമ്പൻ ഡിമാൻഡായിരിക്കും.
സ്റ്റാറായി നെയിം സ്ലിപ്പുകൾ
പണ്ട് സ്‌കൂൾ വിപണിയിൽ കോമ്പ്ലിമെന്റായി ലഭിച്ചിരുന്ന നെയിം സ്ലിപ്പുകൾ കുട്ടികളുടെ ഫോട്ടോകളും പേരും വച്ച് ഡിസൈൻ ചെയ്‌തെടുക്കുന്നതാണ് ഇപ്പോത്ത ട്രെൻഡ്. ഇതിന് ആവശ്യക്കാർ ഏറിയിട്ടുണ്ട്. മിക്ക ഡിസൈനിങ് സ്ഥാപനങ്ങളിലും സ്റ്റുഡിയോകളിലും ഇത്തരത്തിൽ വർക്കുകൾ ചെയ്തു നൽകുന്നുണ്ട്. എ ത്രി വലുപ്പത്തിൽ വരുന്ന ഒരു ഷീറ്റിന് 150 രൂപ മുതലാണ് വില തുടങ്ങുന്നത്. ചെറിയ കുട്ടികൾക്ക് തങ്ങളുടെ പുസ്തകങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ ഇത് സഹായകരമാകുന്നുണ്ട്.
വിലവർധനവ് നേരിടാൻ കൺസ്യൂമർ ഫെഡ്
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നോട്ട് ബുക്കുകളുടെ വിലയിൽ അഞ്ച് മുതൽ 10 രൂപവരെ വർദ്ധനവുണ്ടായിട്ടുണ്ട്. വിലവർദ്ധനവ് സാധരണക്കാരെ ബാധിക്കാതിരിക്കാൻ കൺസ്യൂമർ ഫെഡിന്റെ സപ്ലൈകോ മാർക്കറ്റുകൾ സഹകരണ മാർക്കറ്റുകൾ എന്നിവയുടെ വിപണന മേളകളും സ്റ്റുഡന്റ്‌സ് മാർക്കറ്റുകളും സജീവമായി പ്രവർത്തിക്കുന്നു. ഇവിടെ 10 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് നൽകുന്നുണ്ട്.
ഇത്തവണ മലപ്പുറം കോട്ടക്കുന്നിൽ നടന്ന എന്റെ കേരളം പ്രദർശന വിപണ മേളയിൽ സപ്ലൈക്കോയുടെ സ്റ്റാളിൽ റെക്കാഡ് വിൽപനയാണ് നടന്നത്. ഇതിൽ ഏറ്റവും വലിയ വിൽപന നോട്ട് പുസ്തകമായിരുന്നു. 50 ശതമാനം ഡിസ്‌കൗണ്ട് ത്രിവേണി നോട്ട് ബുക്കുകൾക്ക് ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |