ബംഗളൂരു: എക്‌സൈസ് തീരുവയിലും ലൈസൻസ് ഫീസിലും ആവർത്തിച്ച് നടപ്പാക്കുന്ന വർദ്ധനവിനെ തുടർന്ന് കർണാടകയിലെ ആയിരക്കണക്കിന് ഡിസ്റ്റിലറികളും മദ്യശാലകളും മേയ് 21ന് പണിമുടക്കിന് ആഹ്വാനം ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി എക്‌സൈസ് തീരുവയിലും ലൈസൻസ് ഫീസിലും വർദ്ധനവ് നടപ്പാക്കുന്നുണ്ടെന്നാണ് മദ്യശാല ഉടമകൾ പറയുന്നത്. പ്രതിഷേധ സൂചകമായി സർക്കാർ ഡിപ്പോകളിൽ നിന്ന് മദ്യം വാങ്ങുന്നത് കടയുടമകൾ നിർത്തും.
മേയ് 15ന് ആണ് സർക്കാർ ലൈസൻസ് ഫീസ് ഇരട്ടിയാക്കാനുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. കർണാടക വൈൻ മർച്ചന്റ്സ് അസോസിയേഷൻ, നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ, കർണാടക ബ്രൂവറി ആൻഡ് ഡിസ്റ്റിലറീസ് അസോസിയേഷൻ എന്നീ സംഘടനകളാണ് സർക്കാർ തീരുമാനത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബുധനാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ മദ്യശാലകളും അടച്ചിടാനാണ് തീരുമാനം. കർണാടകയിലെ 12,000 ലൈസൻസുള്ള മദ്യവിൽപ്പനശാലകളിൽ 5,000 ത്തിലധികം എണ്ണം സമരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ലൈസൻസ് ഫീസ് ഇരട്ടിയാക്കാനുള്ള കരട് വിജ്ഞാപനം പ്രകാരം, വാർഷിക ലൈസൻസ് ഫീസ് 27 ലക്ഷത്തിൽ നിന്ന് 54 ലക്ഷമായി ഉയർത്തി. ഡിസ്റ്റിലറികൾക്കും വെയർ ഹൗസുകൾക്കും ഇത് 45 ലക്ഷത്തിൽ നിന്ന് 90 ലക്ഷത്തിലേക്കാണ് ഉയർത്തിയത്. ജൂലായ് ഒന്ന് മുതലാണ് പുതിയ ഫീസ് നിലവിൽ വരിക. ആവർത്തിച്ചുള്ള വർദ്ധനവ് കാരണം പല മദ്യശാലകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. കൂടാതെ ഉപഭോക്താക്കൾക്ക് ഉയർന്ന വില കൊടുക്കേണ്ട സ്ഥിതിയിലേക്ക് എത്തുമെന്നും അവർ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുറവുകൾ നികത്തുന്നതിന് വേണ്ടിയാണ് ഈ വർഷം ഫീസ് ഉയർത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. സർക്കാരാണ് തീരുമാനമെടുത്തതെന്നും എക്‌സൈസ് വകുപ്പ് അത് നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ വരുമാന ലക്ഷ്യം 38,525 കോടിയായിരുന്നു. എന്നാൽ 35,530 കോടി മാത്രമാണ് പിരിച്ചെടുക്കാൻ സാധിച്ചത്.
പുതിയ ലൈസൻസ് ഫീസ് വർദ്ധനവ് ബഡ്ജറ്റ് സെഗ്‌മെന്റ് വിൽപ്പനയെയും ചെറുകിട ഔട്ട്‌ലെറ്റുകളെയും ബാധിക്കുമെന്ന് ചില്ലറ വ്യാപാരികൾ അഭിപ്രായപ്പെട്ടു. വർദ്ധിച്ചുവരുന്ന ചെലവുകളും ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും കാരണം കഴിഞ്ഞ വർഷം ബംഗളൂരുവിൽ 40ലധികം പബ്ബുകൾ അടച്ചുപൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |