തിരുവനന്തപുരം: മാലമോഷണ പരാതിയിൽ പ്രാഥമിക അന്വേഷണമോ നടപടിക്രമങ്ങളോ പൂർത്തിയാക്കാതെ ദളിത് യുവതിയായ ബിന്ദുവിനെ കസ്റ്റഡിയിലെടുത്തതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതും പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസ്. പേരൂർക്കട സ്റ്റേഷനിലെ എസ്.ഐ എസ്.ജി പ്രസാദിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവിലാണ് ഇക്കാര്യമുള്ളത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണറാണ് പൊലീസിന്റെ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്തി കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയത്.
18ഗ്രാം സ്വർണാഭരണം മോഷണം പോയെന്ന പരാതിയിലെ അന്വേഷണത്തിലും നടപടികളിലും ഗുരുതര വീഴ്ചകളാണ് അന്വേഷണ ഉദ്യോഗസ്ഥനായ പ്രസാദിന്റെ ഭാഗത്തുനിന്നുണ്ടായത്. പരാതി കിട്ടിയാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ എസ്.ഐ പാലിച്ചിട്ടില്ല. ബിന്ദുവിനെ കുറ്റവാളിയാക്കുന്നതിലെ തിടുക്കവും എസ്.ഐയ്ക്കെതിരേ ഗുരുതര ആരോപണങ്ങൾക്ക് വഴിവയ്ക്കുന്നതാണ്. നടപടികൾ പാലിക്കാതെയാണ് കസ്റ്റഡിയിലെടുത്തത്.
ചട്ടവിരുദ്ധമായ നടപടികളിലൂടെ പൊതുസമൂഹത്തിൽ സേനയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുകയും ബിന്ദുവിന് മാനസിക വ്യഥയുണ്ടാക്കാൻ കാരണക്കാരനാവുകയുമാണ് എസ്.ഐ പ്രസാദ് ചെയ്തത്. ഈ നടപടി അങ്ങേയറ്റത്തെ അച്ചടക്ക ലംഘനവും അധികാര ദുർവിനിയോഗവുമാണ്. അതിനാലാണ് പ്രസാദിനെ ഉടനടി സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണം നടത്തുന്ന ശംഖുംമുഖം അസി. കമ്മിഷണർ അനുരൂപ്, 15ദിവസത്തിനകം പ്രസാദിന് കുറ്റാരോപണ മെമ്മോ നൽകും. രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. സസ്പെൻഷൻ കാലയളവിൽ എസ്.ജി പ്രസാദിന് ഉപജീവന ബത്തയ്ക്ക് അർഹതയുണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |