നടക്കുമ്പോൾ തൊട്ടുമുമ്പിൽ നിധി കണ്ടാൽ എന്ത് ചെയ്യും? അമ്പരന്നുപോകുമെന്ന് നിസംശയം പറയാം. അത്തരത്തിൽ രണ്ട് വിനോദ സഞ്ചാരികൾ ഞെട്ടിത്തരിച്ചുനിൽക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതനിരകളിലാണ് സംഭവം.
വിനോദ സഞ്ചാരികളുടെ പേര് പുറത്തുവിട്ടിട്ടില്ല. ഇവർ പച്ചപ്പു നിറഞ്ഞ മരങ്ങളും കാടിന്റെ മനോഹാരിതയും ആസ്വദിച്ചു നടക്കുകയായിരുന്നു. ഇതിനിടയിൽ കല്ലുകൾക്കടിയിൽ എന്തോ തിളങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു. നോക്കിയപ്പോൾ അലുമിനിയം പെട്ടി. അവരുടെ ജിജ്ഞാസ വർദ്ധിച്ചു. അവർ പെട്ടി തുറന്നപ്പോൾ, അത്ഭുതകരമായ കാഴ്ചയായിരുന്നു. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുപോലെ വലിയൊരു നിധിശേഖരമായിരുന്നു കണ്ടത്.
598 സ്വർണ നാണയം, പത്ത് ബ്രേസ്‌ലേറ്റ് അടക്കം വിലപിടിപ്പുള്ള ആഭരണങ്ങളായിരുന്നു അതിനുള്ളിലുണ്ടായിരുന്നത്. സ്വർണ്ണ നാണയങ്ങൾക്ക് മാത്രം എട്ട് പൗണ്ട് (3.7 കിലോഗ്രാം) ഭാരമുണ്ടായിരുന്നു. നാണയങ്ങൾക്ക് മാത്രം മാർക്കറ്റിൽ ഏകദേശം മൂന്ന് കോടി രൂപ ലഭിക്കും.
വിനോദ സഞ്ചാരികൾ നിധി സ്വന്തമാക്കാൻ ശ്രമിച്ചില്ല. പകരം ക്രാലോവയിലെ ഈസ്റ്റ് ബൊഹീമിയ മ്യൂസിയത്തിന് കൈമാറി. നിധി എങ്ങനെ അവിടെ എത്തിയെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പുരാവസ്തു വകുപ്പ് മേധാവി മിറോസ്ലാവ് നോവാക് പറഞ്ഞു.
സ്വർണാഭരണങ്ങൾക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നാണ് സൂചന. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പോ 1945 ഓടെയോ ആണ് നിധി ഇത്തരത്തിൽ ഒളിപ്പിച്ചുവയ്ക്കാൻ സാദ്ധ്യതയെന്നും മിറോസ്ലാവ് നോവാക് കരുതുന്നു. കൗതുകകരമെന്നു പറയട്ടെ, നാണയങ്ങളിൽ ഒന്നും ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ളതല്ല, പകുതി ബാൾക്കൻ മേഖലയിൽ നിന്നുള്ളതും ബാക്കിയുള്ളവ ഫ്രാൻസിൽ നിന്നുള്ളതുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |