ന്യൂഡൽഹി: പാകിസ്ഥാന്റെ തനിനിറം തുറന്നുകാട്ടാൻ യു.എ.ഇയിലും ജപ്പാനിലുമെത്തിയ സർവകക്ഷി പ്രതിനിധി സംഘങ്ങൾ ചർച്ച തുടങ്ങി. ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ നിലപാടുകൾക്ക് ഇരു രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു.
ശിവസേന എം.പി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലാണ് യു.എ.ഇയിലെത്തിയത്. ജെ.ഡി.യു നേതാവ് സഞ്ജയ് ഝായുടെ നേതൃത്വത്തിൽ ജപ്പാനിലും. ഡി.എം.കെ നേതാവ് കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം റഷ്യയിലേക്ക് പുറപ്പെട്ടു. സ്‌പെയിൻ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിലേക്കാണ് പോകുന്നത്.
ശ്രീകാന്ത് ഷിൻഡെയുടെ സംഘം യു.എ.ഇ മന്ത്രി ഷെയ്ഖ് നഹയാൻ മബാറക് അൽ നഹ്യാൻ, പ്രതിരോധ, ആഭ്യന്തര, ആഭ്യന്തര വകുപ്പ് ചെയർമാൻ ഡോ.അലി റാഷിദ് അൽ നുഐമി, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ-കാബി എന്നിവരുയി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തെ അതിന്റെ എല്ലാ രൂപത്തിലും നേരിടാനുള്ള പ്രതിബദ്ധത യു.എ.ഇ ഉറപ്പു നൽകി.
ബൻസുരി സ്വരാജ്, അതുൽ ഗാർഗ്, മനൻകുമാർ മിശ്ര, എസ്. എസ് അലുവാലിയ (ബി.ജെ.പി), മുസ്ളിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ, ബി.ജെ.ഡിയിലെ സസ്മിത് പത്ര എന്നിവർക്കൊപ്പം അംബാസഡർ സുജൻ ചിനോയും സംഘത്തിലുണ്ട്. പ്രതിനിധി സംഘം ഇന്ന് അബുദാബിയിലും ദുബായിലുമുള്ള പ്രമുഖ നേതാക്കളെ കാണും.
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് ജപ്പാൻ പിന്തുണ പ്രഖ്യാപിച്ചതായി സഞ്ജയ് ഝാ പറഞ്ഞു. ടോക്യോ ഗാന്ധി സ്‌മാരകത്തിൽ പുഷ്‌പാർച്ച നടത്തിയ സംഘം ജപ്പാൻ വിദേശകാര്യ മന്ത്രി തക്കേഷി ഇവായ, മുന്‍ പ്രധാനമന്ത്രി യോഷിഹിതെ സുഗയേ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ടോക്യോയിലെത്തിയ സംഘത്തെ വിമാനത്താവളത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് സ്വീകരിച്ചു. സംഘത്തിൽ ബ്രിജ് ലാൽ, പ്രദാൻ ബറുവ, അപരാജിത സാരംഗി, ഹേമാങ് ജോഷി(ബി.ജെ.പി), ജോൺ ബ്രിട്ടാസ് (സി.പി.എം),അഭിഷേക് ബാനർജി (തൃണമൂൽ) എന്നിവരും അംബാസഡർ മോഹൻകുമാറുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |