ന്യൂഡൽഹി: ഡൽഹിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങൾ നടത്താനുള്ള പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പദ്ധതി തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്റലിജൻസ് ഏജൻസികൾ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ സായുധ സേനയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കാൻ ചുമതലപ്പെടുത്തിയ നേപ്പാൾ സ്വദേശി അൻസാരുൾ മിയ അൻസാരി, റാഞ്ചി സ്വദേശി അഖ്‌ലാക്ക് അസ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്താക്കപ്പെട്ട ഡൽഹി പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരായ മുസമ്മിൽ, എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാനിൽ നിന്ന് നേപ്പാൾ വഴി ഡൽഹിയിൽ എത്തിയ അൻസാരി രഹസ്യ സൈനിക രേഖകൾ ശേഖരിച്ചു. ഇയാൾക്കായി കെണി ഒരുക്കിയ ഇന്റലിജൻസ് ഏജൻസികൾ ഫെബ്രുവരി 15 ന്, ഇയാൾ നേപ്പാൾ വഴി പാകിസ്ഥാനിലേക്ക് മടങ്ങുന്നതിനിടെ ഡൽഹിയിൽ വച്ച് പിടികൂടി.
ഐ.എസ്.ഐ പിന്തുണയുള്ള ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബി.കെ.ഐ) നടത്തിയ ചില ഗ്രനേഡ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്കെത്തിയത്. ഇന്ത്യയിൽ അൻസാരിക്ക് സഹായം നൽകിയ ആളാണ് കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ റാഞ്ചി നിവാസിയായ അഖ്‌ലാക്ക് അസം. പാക് ഹാൻഡ്‌ലർമാരുമായി നിരന്തരം ആശയവിനിമയം നടത്തിയതിന്റെ വിവരങ്ങൾ ഇവരുടെ ഫോണിൽ നിന്ന് കണ്ടെടുത്തു.
രേഖകൾ ശേഖരിക്കാൻ
ചുമതല
നേപ്പാൾ സ്വദേശിയായ അൻസാരി 2008 ഖത്തറിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുമ്പോളാണ് ഐ.എസ്.ഐയിലെത്തുന്നത്. 2024 ജൂണിൽ, പാകിസ്ഥാനിലെത്തിയ ഇയാൾ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി പരിചയപ്പെട്ടു. ബാബറി മസ്ജിദ് പൊളിച്ചുമാറ്റൽ, ദേശീയ പൗരത്വ ബിൽ നടപ്പിലാക്കൽ തുടങ്ങിയ വിഷയങ്ങളാണ് ഇന്ത്യയിൽ ആക്രമണം നടത്താനുള്ള പ്രേരണ. ചാരവൃത്തിയിൽ പരിശീലനം നൽകിയ ശേഷം ഡൽഹിയിൽ നിന്ന് രഹസ്യ രേഖകൾ ശേഖരിക്കാനുള്ള ചുമതല നൽകി. അറസ്റ്റിലായ രണ്ടുപേരെയും തിഹാർ ജയിലിലെ അതിസുരക്ഷാ വിഭാഗത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |