കൊല്ലം: മുഖ്യമന്ത്രിയുമായി സംവദിക്കാൻ യൂനുസ് കൺവൻഷൻ സെന്ററിലേക്കെത്തിയവർക്ക് അറിയാൻ ഏറെയുണ്ടായിരുന്നു. അവരുടെ സംശയങ്ങൾക്ക് അദ്ദേഹം നൽകിയ മറുപടിയിൽ സംതൃപ്തിയോടെയാണ് യോഗം അവസാനിച്ചത്.
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നിലവിൽഎൻജിനീയറിംഗ് കോളജുകളുടെ പങ്കാളിത്തം ഉണ്ടെന്നും തുടർന്ന് ഇത് ഏത് രീതിയിൽ ഉപയോഗിക്കാമെന്ന് ആലോചിക്കുമെന്നും ടി.കെ.എം കോളേജ് ഒഫ് എൻജിനീയറിംഗ് ആർക്കിടെക്ചർ വിഭാഗം മേധാവി കെ.എ. അയ്യപ്പന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതിനകം തന്നെ പി.പി.പി മാതൃക നടപ്പാക്കിയിട്ടുണ്ട്. കൂടുതൽ പദ്ധതികൾ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പശ്ചാത്തല വികസനം കാർഷിക മേഖലകളിലും നടപ്പാക്കും. ഇക്കാര്യത്തിൽ കൃഷി വകുപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ സഹകരണ മേഖലയ്ക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എസ്. മണിയാണ് ചോദ്യമുന്നയിച്ചത്.
തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. ബയോഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടിൽ തെന്മലയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എൻ.എസ് സഹകരണ ആശുപത്രി സെക്രട്ടറി പി. ഷിബുവിന്റെ ചോദ്യത്തിനുള്ള മറുപടി. പുനലൂർ കുടിവെള്ള പദ്ധതിക്ക് 250 കോടിയാണ് കണക്കാക്കിയിട്ടുള്ളത്. 46,000 പേർക്ക് ഗുണം ലഭിക്കുന്ന പദ്ധതിയാണിത്. അമൃത് 2.0 യിൽ പദ്ധതി ഉൾപ്പെടുത്തുന്ന തീരുമാനം നഗരസഭ പാസാക്കിയിട്ടുണ്ട്. എന്നാൽ മറ്റുപദ്ധതികൾക്ക് അംഗീകാരം നൽകിയതിനു ശേഷമാണ് അപേക്ഷ ലഭിച്ചത്. ഇതര സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിച്ച് നിർമാണം ആരംഭിക്കാൻ സാധിച്ചാൽ ഒരു വർഷത്തിനകം പദ്ധതി യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നഗരസഭ കൗൺസിലർ വി.പ. ഉണ്ണിക്കൃഷ്ണനാണ് കുടിവെള്ള പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യമുന്നയിച്ചത്. തോട്ടണ്ടി ലഭ്യത ഉറപ്പാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു കശുഅണ്ടി തൊഴിലാളികളായ ബിന്ദു സന്തോഷ്, എസ് ഷീബ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |