ന്യൂഡൽഹി: ഇന്ന് വിരമിക്കുന്ന ജഡ്‌ജി ജസ്റ്റിസ് അഭയ് കുമാർ ശ്രീനിവാസ് ഓക സുപ്രീംകോടതിയിലെ തന്റെ അവസാന പ്രവൃത്തി ദിനത്തിൽ പുറപ്പെടുവിച്ചത് 11 വിധിന്യായങ്ങൾ. പോക്‌സോ കേസ് പ്രതിക്കൊപ്പം ജീവിക്കാനുള്ള യുവതിയുടെ തീരുമാനം ശരിവച്ച ചരിത്ര വിധിയും അക്കൂട്ടത്തിലുണ്ട്. മുംബയിൽ വ്യാഴാഴ്‌ച അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷമായിരുന്നു കോടതിയിലെത്തിയത്. മേയ് 21 ന് സുപ്രീം കോടതി അഡ്വക്കേറ്റ്സ്-ഓൺ-റെക്കോർഡ് അസോസിയേഷൻ സംഘടിപ്പിച്ച വിടവാങ്ങൽ ചടങ്ങിൽ, വിരമിക്കുന്ന ജഡ്ജിമാർ അവരുടെ അവസാന പ്രവൃത്തി ദിവസം ജോലി ചെയ്യാതിരിക്കുന്ന പാരമ്പര്യത്തോട് യോജിക്കുന്നില്ലെന്ന് ജസ്റ്റിസ് ഓക പറഞ്ഞിരുന്നു. വിരമിക്കുന്ന ജഡ്ജിമാർക്ക് ഉച്ചയ്ക്ക് 1:30 ന് ഗാർഡ് ഓഫ് ഓണർ നൽകുന്ന രീതി മാറ്റണമെന്നും കൂട്ടിച്ചേർത്തു. വിരമിക്കുന്ന ജഡ്ജിയെ ഉച്ചഭക്ഷണം കഴിഞ്ഞ ഉടനെ വീട്ടിലേക്ക് പറഞ്ഞയയ്‌ക്കരുത്. അവസാന പ്രവൃത്തി ദിവസം നാല് മണി വരെ ജോലി ചെയ്യാൻ കഴിയണം. വിരമിക്കൽ എന്ന വാക്ക് തനിക്ക് വെറുപ്പാണെന്നും ജനുവരി മുതൽ കഴിയുന്നത്ര കേസുകൾ കേൾക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര സ്വദേശിയായ ജസ്റ്റിസ് ഓക 2021 ആഗസ്റ്റ് 31 നാണ് സുപ്രീംകോടതിയിലെത്തുന്നത്. കൊവിഡ് സമയത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തിയ ഇടപെടലുകൾ ശ്രദ്ധേയമായി. 2019 മേയ് 10 മുതൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു വരികയായിരുന്നു. ബോംബെ സർവകലാശാലയിലെ നിയമ പഠനത്തിന് ശേഷം 1983 ജൂണിൽ താനെ ജില്ലാ കോടതിയിൽ പിതാവ് ശ്രീനിവാസ് ഡബ്ല്യു ഓകയ്‌ക്കൊപ്പമാണ് പ്രാക്ടീസ് ആരംഭിച്ചത്. 2003 ഓഗസ്റ്റ് 29 ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. 2005 നവംബറിൽ സ്ഥിരം ജഡ്ജിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |