റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹാറിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവിനെ വധിച്ച് സുരക്ഷാസേന. സർക്കാർ പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന പപ്പു ലോഹറ എന്ന മാവോയിസ്റ്റ് നേതാവാണ് കൊല്ലപ്പെട്ടത്. ഇയാൾ ജാർഖണ്ഡ് ജൻ മുക്തി പരിഷത്ത് എന്ന വിമത മാവോയിസ്റ്റ് സംഘടനയുടെ നേതാവായിരുന്നു. ഏറ്റുമുട്ടലിൽ ഇയാൾക്കൊപ്പം സർക്കാർ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന സഹായി, പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു. ഇവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ഇൻസാസ് റൈഫിൾ കണ്ടെടുത്തതായാണ് വിവരം.
ഛത്തീസ്ഗഡിലെ നാരായൺപൂരിലെ മാവോയിസ്റ്റ് നേതാവായ നമ്പാല കേശവ് റാവു എന്ന ബസവരാജുവിനെ വധിച്ച് മൂന്ന് ദിവസങ്ങൾക്കുശേഷമാണ് ഏറ്റുമുട്ടൽ നടന്നത്. നാരായൺപൂർ- ബിജാപൂർ അതിർത്തിയിൽ 50 മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിലിനൊടുവിലാണ് ബസവരാജു കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ 27 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. കേന്ദ്ര സൈനിക കമ്മീഷന്റെ തലവനായിരുന്ന ബസവരാജു പിന്നീട് മാവോയിസ്റ്റ് സംഘടനയുടെ ഭാഗമാകുകയായിരുന്നു. തലയ്ക്ക് ഒന്നരക്കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ബസവരാജുവിനായി ദേശീയ അന്വേഷണ ഏജൻസിയും തെലങ്കാന, ആന്ധ്രാപ്രദേശ് പൊലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.
ഇന്നലെ മഹാരാഷ്ട്രയിൽ പൊലീസും സി.ആർ.പി.എഫും ചേർന്ന് നടത്തിയ ഓപ്പറേഷനിടയിൽ നാല് മാവോയിസ്റ്റുകളെ വധിച്ചു. മഹാരാഷ്ട്ര -ഛത്തീസ്ഗഢ് അതിർത്തിക്ക് സമീപം ഗഡ്ചിരോളിയിലാണ് ഏറ്റുമുട്ടലുണ്ടായത്. 12 സി 60 കമാൻഡോ സംഘവും ഒരു സി.ആർ.പി എഫ് യൂണിറ്റും ഉൾപ്പെടെ 300 ഓളം പേരാണ് ഓപ്പറേഷനിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |