SignIn
Kerala Kaumudi Online
Thursday, 10 July 2025 2.40 AM IST

കെ.വി. സുരേന്ദ്രനാഥ് ജന്മശതാബ്ദിക്ക് ഇന്ന് തുടക്കം, ഋഷിതുല്യനായ കമ്മ്യൂണിസ്റ്റ്,​ പരിസ്ഥിതിയുടെ പോരാളി

Increase Font Size Decrease Font Size Print Page
kv-surendranadh

കമ്മ്യൂണിസ്റ്റ് നേതാവും വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി സംരക്ഷണ പോരാളിയുമായിരുന്നു കെ.വി. സുരേന്ദ്രനാഥ്. നിരോധനങ്ങളുടെയും ഒളിവു ജീവിതത്തിന്റെയും ഭരണകൂട മർദ്ദനങ്ങളുടെയും കാരാഗൃഹവാസത്തിന്റെയും ദുരിത ജീവിതകാലത്ത് കമ്മ്യൂണിസ്റ്റുകാരനായിത്തീർന്ന ജ്വലിക്കുന്ന കൗമാര, യൗവനത്തിന്റെ പ്രതീകമായിരുന്നു കെ.വി. സുരേന്ദ്രനാഥ്. കമ്മ്യൂണിസ്റ്റുകാർ മരണത്തെ മുഖാമുഖം കണ്ടിരുന്ന കാലത്താണ് നിർഭയത്വത്തോടെ കെ.വി. സുരേന്ദ്രനാഥ് കമ്മ്യൂണിസ്റ്റുകാരനായി പരിണമിച്ചത്.

ദിവാൻ ഭരണത്തിനും ഏകാധിപത്യവാഴ്ചയ്ക്കും ജന്മിത്വ- ഫ്യൂഡലിസത്തിനും അസമത്വത്തിനും ചൂക്ഷണത്തിനുമെതിരെ ശബ്ദിച്ച് രംഗത്തുവന്ന കെ.വി. സുരേന്ദ്രനാഥ് വിദ്യാർത്ഥികളെയും തൊഴിലാളികളെയും യുവജനങ്ങളെയും സംഘടിത ശക്തിയായി മാറ്റുവാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചുവെന്നു മാത്രമല്ല, അവരെയാകെ അവകാശ സമ്പാദന പോരാട്ടങ്ങളിൽ അണിനിരത്തുകയും ചെയ്തു. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ആനയിക്കപ്പെട്ടവരെ ആ പ്രത്യയശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന അജയ്യമായ തത്വസംഹിതകൾ പഠന ക്ലാസുകളിലൂടെയും എഴുത്തിലൂടെയും പകർന്നു നൽകിയ കെ.വി. സുരേന്ദ്രനാഥ് കമ്മ്യൂണിസ്റ്റുകാരുടെ ആദരണീയനായ ആശാനാക്കി മാറ്റുകയായിരുന്നു.

പിന്നാലെ, കമ്മ്യൂണിസ്റ്റുകാരുടെ മാത്രം ആശാനല്ല, കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനത സ്‌നേഹ ബഹുമാനങ്ങളോടെ 'ആശാൻ" എന്നു മാത്രം അഭിസംബോധന ചെയ്യാൻ തുടങ്ങി. മരണം വരെ മാത്രമല്ല,​ ഇന്നും അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായ 'ആശാനാ"യി തുടരുന്നു. 'മാർക്സിസ്റ്റ് വീക്ഷണം" എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി സേവനമനുഷ്ഠിച്ച ദീർഘകാലം 'ആശാൻ" പാർട്ടി പ്രവർത്തകർക്കും ബഹുജന സംഘടനാ പ്രവർത്തകർക്കും മാർക്സിസ്റ്റ് പ്രത്യയശാസ്ത്രവും സോഷ്യലിസ്റ്റ് ആശയവും ലളിതമായ ഭാഷയിൽ പകർന്നു നൽകി. അതുവഴി പതിനായിരങ്ങളെ മാർക്സിസം പകർന്നു നൽകുന്ന പുതിയ സാമൂഹ്യ വ്യവസ്ഥിതിയുടെ വജ്രശോഭയിലേക്ക് 'ആശാൻ" കൈപിടിച്ചാനയിച്ചു.

കനൽവഴിയിലെ

കാൽപ്പാടുകൾ

സാമാന്യം സമ്പന്നമായ കുടുംബത്തിൽ പിറന്ന അദ്ദേഹം സമ്പത്തിന്റെയും ബ്യൂറോക്രസിയുടെയും പിന്നാലെ പോയില്ല. പകരം അടിച്ചമർത്തപ്പെട്ടവരുടെയും അസമത്വം അനുഭവിക്കുന്നവരുടെയും വിമോചന പോരാട്ട വീഥിയിലേക്ക് നടന്നുകയറുകയായിരുന്നു. ജയിൽവാസവും ഒളിവു ജീവിതവും അദ്ദേഹത്തെ അക്കാലത്ത് കാത്തിരുന്നു. നിഷ്‌കാമകർമ്മിയായ ആ യോഗിവര്യൻ അതിനെയെല്ലാം സധൈര്യം നേരിട്ടു. സമർത്ഥനായ വിദ്യാർത്ഥിയായിരുന്നു കെ.വി. സുരേന്ദ്രനാഥ്. പ്രശസ്ത സാഹിത്യ നിരൂപകനായ 'സാഹിത്യവാരഫല" രചയിതാവ് എം. കൃഷ്ണൻനായർ ആശാന്റെ സഹപാഠിയായിരുന്നു.

പരീക്ഷയുടെ തലേന്നാൾ പാഠപുസ്തകം വായിക്കാതെ പുളിമൂട്ടിലെ ലോഡ്ജ് മുറിയിൽ നോവലും വായിച്ചിരുന്ന കെ.വി. സുരേന്ദ്രനാഥിന് പരീക്ഷാഫലം വന്നപ്പോൾ തത്വചിന്തയിൽ ഒന്നാം റാങ്കോടെ ബിരുദം എന്ന് 'കലാകൗമുദി"യിൽ 'സാഹിത്യവാരഫല"ത്തിൽ അദ്ദേഹം കുറിച്ചു. ആ സമർത്ഥനായ വിദ്യാർത്ഥിക്ക് ഉന്നത സർക്കാർ ഉദ്യോഗങ്ങൾ ലഭ്യമാകുമായിരുന്നു. പക്ഷേ നിസ്വാർത്ഥതയോടെ അദ്ദേഹം തിരഞ്ഞെടുത്തത് തിരസ്‌കൃതരുടെ ജീവിതമോചന പോരാട്ടങ്ങളെയാണ്.

തിരുവിതാംകൂറിൽ വിദ്യാർത്ഥികൾ സംഘടിത ശക്തിയല്ലാതിരുന്ന കാലത്താണ് വിദ്യാർത്ഥിയായിരുന്ന കെ.വി. സുരേന്ദ്രനാഥ് 'ട്രാവൻകൂർ സ്റ്റുഡന്റ്സ് ഓർഗൈനേസഷൻ" എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ മുഖ്യനേതാവായത്. തെന്മല ചെങ്കോട്ടയിൽ ചേർന്ന ആ വിദ്യാർത്ഥി സമ്മേളനത്തിൽ സഖാവ് ജെ. ചിത്തരഞ്ജനുമുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും കൊളോണിയൽ വിദ്യാഭ്യാസ സമ്പ്രദായത്തിനുമെതിരെ വിദ്യാർത്ഥികളെ അണിനിരത്തി അദ്ദേഹം പടപൊരുതി. പുന്നപ്ര – വയലാർ സമരനായകൻ കെ.സി. ജോർജ്ജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ രൂപീകരിക്കുന്നതിലും ആശാൻ മുന്നിൽ നിന്നു.

പാർട്ടി ഘടകങ്ങൾ

കെട്ടിപ്പടുത്തു

കാട്ടായിക്കോണത്തും ചെറുവയ്ക്കലിലും അവർ ഇരുവരുടെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ബ്രാഞ്ച് ഘടകങ്ങളാണ് തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനശില പാകിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരുവിതാംകൂറിൽ സംഘടിതശക്തിയാക്കുവാൻ ക്ലേശപൂർവം പരിശ്രമിച്ച 'ആശാൻ" ടി.വി. തോമസിനൊപ്പം ട്രാൻസ്‌പോർട്ട് തൊഴിലാളികളെ അവകാശബോധമുള്ളവരാക്കുകയും ഐതിഹാസികമായ ട്രാൻസ്‌പോർട്ട് തൊഴിലാളി പ്രക്ഷോഭത്തെ മുന്നിൽനിന്ന് നയിക്കുകയും ചെയ്തു. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിക്കപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പക്ഷത്ത് ഉറച്ചുനിന്ന ആശാൻ ദുർബലാവസ്ഥയിലായ പാർട്ടിയെ ശക്തിപ്പെടുത്തുവാൻ അഹോരാത്രം യത്നിച്ചു.

ഒരിക്കലും അധികാരക്കസേരകളിൽ ആശാൻ കണ്ണുവച്ചില്ല. പാർട്ടി നിർബന്ധിച്ചപ്പോൾ മാത്രം അദ്ദേഹം നിയമസഭയിലേക്കും പാർലമെന്റിലേക്കും മത്സരിച്ചു. 1980-ലും 82-ലും 87-ലും മൂന്നുതവണ തുടർച്ചയായി നെടുമങ്ങാട് നിന്ന് 'ആശാൻ" നിയമസഭയിലേക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 1996-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം പാർലമെന്റ് മണ്ഡലം,​ 1980-നു ശേഷം ഇടതുപക്ഷത്തിന്റെ ഭാഗമാക്കിയത് ആശാനാണ്. ആശാന്റെ ജനപ്രീതിയുടെ തെളിവായിരുന്നു അത്. ഏറ്റവും മികച്ച പാർലമെന്റേറിയനായിരുന്നു ആശാൻ. ഇന്ന് വിഴിഞ്ഞം പദ്ധതി ചർച്ച ചെയ്യപ്പെടുമ്പോൾ നാം ആശാനെയും ഓർമ്മിക്കണം. വേലിയേറ്റ-വേലിയിറക്ക നിരക്കുകൾ കുറഞ്ഞ, മണ്ണിടിച്ചിൽ കുറഞ്ഞ, നോട്ടിക് മൈലിന് ഏറ്റവും അടുത്തുകൂടി പോകാൻ കഴിയുന്ന മദർഷിപ്പുകൾക്ക് അടുക്കുവാൻ കഴിയുന്ന ഇന്ത്യയിലെ 'മദർ പോർട്ട്" ആവാൻ കഴിയുന്നതാണ് വിഴിഞ്ഞമെന്ന് ചൂണ്ടിക്കാണിച്ചത് ആശാനാണ്.

പരിസ്ഥിതി

പ്രക്ഷോഭം

കാർൽമാർക്സും ഫ്രെഡറിക് ഏംഗൽസും സാമ്രാജ്യത്വ ചൂക്ഷണത്തിനൊപ്പം പാരിസ്ഥിതിക ചൂക്ഷണത്തെയും നിശിതമായി എതിർത്തിരുന്നു. ആശാനും അത് അനവരതം ഉയർത്തിപ്പിടിച്ചു. നമ്മുടെ പുഴകൾ, ജലാശയങ്ങൾ, മലകൾ, കുന്നിൻനിരകൾ, പച്ചപ്പുകൾ എല്ലാം ഉന്മൂലനം ചെയ്യുന്നതിനെതിരെ ആശാൻ നിരന്തരം കലഹിച്ചു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഐക്യനിര വളർത്തിയെടുത്തു. 'അഭയ" പോലുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥാപകനായ ആശാൻ യുഗപ്രഭാവനായ സി. അച്യുതമേനോന് ഉചിതമായ ധൈഷണിക കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.

ആശാന്റെ ജന്മശതാബ്ദിവർഷം ഇന്നു മുതൽ ഒരു വർഷം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹ്യവും പാരിസ്ഥിതികവുമായ വിഷയങ്ങളിൽ സംവാദങ്ങളും സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ആശാൻ ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ സമഗ്രമായി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയിലേക്ക് കുടൂതൽ ധൈഷണിക ഗ്രന്ഥങ്ങൾ സമാഹരിക്കും. വിദ്യാർത്ഥി യുവജന സമൂഹത്തെ വായനയുടെ നവലോകത്തേക്ക് ആനയിക്കും.

സൈലന്റ്‌വാലി പ്രക്ഷോഭത്തിനുൾപ്പെടെ നേതൃത്വം നൽകിയ, ശാരീരിക അവശതകൾ മറന്ന് ഹിമാലസാനുക്കൾ കയറിയ, 'ഹിമാലത്തിന്റെ മുകൾത്തട്ടിലൂടെ" എന്ന യാത്രാവിവരണം എഴുതിയ, ആനുകാലികങ്ങളിൽ രാഷ്ട്രീയ,​സാമൂഹ്യ,​ സാംസ്‌കാരിക,​ പാരിസ്ഥിതിക പ്രശ്നങ്ങൾ മുൻനിറുത്തി നിരന്തരം എഴുതുകയും പൊരുതുകയും ചെയ്ത ആശാൻ തികഞ്ഞ ഗാന്ധിയൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു. ഋഷിതുല്യനായ ആ മഹാകമ്മ്യൂണിസ്റ്റിന്റെ തീക്ഷ്ണസ്മരണകൾ വരുംകാല പ്രതിരോധ പോരാട്ടങ്ങൾക്ക് നമുക്കാകെ കരുത്തു പകരും.

(ഭക്ഷ്യ,​ പൊതുവിതരണ വകുപ്പ് മന്ത്രിയായ ലേഖകൻ,​ കെ.വി സുരേന്ദ്രനാഥ് ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ്)

TAGS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.