മലപ്പുറം: മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി പി വി അൻവർ ചർച്ച നടത്തി. അദ്ദേഹത്തെ കണേണ്ട ഉത്തരവാദിത്തം തനിക്കുണ്ടായിരുന്നു. നിലവിലെ സാഹചര്യങ്ങൾ ലീഗിനെ ബോദ്ധ്യപ്പെടുത്തിയെന്നും അൻവർ പറഞ്ഞു.
'കുഞ്ഞാലിക്കുട്ടി സാഹിബ് എന്നും പോസിറ്റീവാണല്ലോ. ഇപ്പോഴും പോസിറ്റീവ് തന്നെയാണ്. അദ്ദേഹത്തിന് രാഷ്ട്രീയം അറിയാമല്ലോ. രാഷ്ട്രീയത്തെക്കുറിച്ച് കൃത്യമായി ഗണിക്കുകയും മനസിലാക്കുകയും ചെയ്യുന്നയാളാണ്. മത്സരിക്കുന്ന കാര്യമൊക്കെ പിന്നെ പറയാം നിങ്ങൾ ഉദ്ദേശിക്കുന്നൊരു മറുപടി ഇപ്പോൾ എന്റെ കൈയിൽ നിന്ന് കിട്ടില്ല. എല്ലാ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകും'- അദ്ദേഹം പറഞ്ഞു.
പി വി അൻവർ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തൃണമൂൽ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. അൻവർ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനം അറിയിച്ചില്ലെങ്കിൽ അൻവർ മത്സരിക്കുമെന്നാണ് തൃണമൂൽ അറിയിച്ചിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിന്റെ ഭാഗമാക്കണമെന്നഭ്യർത്ഥിച്ച് കത്ത് നൽകിയിട്ട് അഞ്ചുമാസത്തിലേറെയായി. എന്നാൽ യുഡിഎഫ് ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
അതേസമയം, അൻവറിനെ യു ഡി എഫിനൊപ്പം കൂട്ടുമെന്ന് കെ സുധാകരൻ പ്രതികരിച്ചു. അൻവറിന്റെ ആവശ്യങ്ങൾ പരമാവധി അംഗീകരിക്കുമെന്നും അൻവർ മുന്നണിക്ക് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷൗക്കത്തിനെ അംഗീകരിക്കില്ലെന്നാണ് അൻവറിന്റെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |