
കൊല്ലം: മത്സ്യബന്ധനത്തിന് പോയിവന്ന ശേഷം കായൽ തീരത്ത് കെട്ടിയിട്ടിരുന്ന രണ്ട് ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. രണ്ടുപേർക്ക് നിസാരമായി പൊള്ളലേറ്റു. ബോട്ടിലെ തൊഴിലാളികളും ആന്ധ്രാപ്രദേശ് സ്വദേശികളുമായ രാജു, അശോക് കൈക്ക് എന്നിവർക്കാണ് പൊള്ളലേറ്റത്.
ശക്തികുളങ്ങര സ്വദേശിയായ രാജു വല്ലേരിയാൻ, സെബാസ്റ്റ്യൻ ആൻഡ്രൂസ്, കുളച്ചൽ സ്വദേശി കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹല്ലേലുയ്യ, യഹോവ എന്നീ ബോട്ടുകൾക്കാണ് തീപിടിച്ചത്. ഹല്ലേലുയ ബോട്ടിനാണ് ആദ്യം തീപിടിച്ചത്. ബോട്ടിൽ അന്യസംസ്ഥാന തൊഴിലാളികൾ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് അടുപ്പിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. തീ കത്തിത്തുടങ്ങിയപ്പോൾ തന്നെ തൊഴിലാളികൾ ബോട്ടിന് പുറത്തേക്ക് കടന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12.50ന് കാവനാട് മുക്കാട് മഠത്തിൽ കായൽവാരത്ത് പലിശക്കടവ് ഭാഗത്താണ് അപകടം. ബോട്ടും മത്സ്യബന്ധന ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ഏകദേശം ഒരുകോടിയോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
കത്തിനശിച്ച ബോട്ടുകൾ ഉൾപ്പടെ നാല് ബോട്ടുകൾ അടുത്തടുത്തായി കെട്ടിയിട്ടിരുന്നു. തീ പടർന്നതോടെ മറ്റ് ബോട്ടുകളുടെ കെട്ടഴിച്ചുവിട്ടെങ്കിലും സമീപത്തുണ്ടായിരുന്ന ഡിവൈൻ മേഴ്സി എന്ന ബോട്ടിലെ വലകളിലേക്കും തീ പടർന്നു. കരയിലുണ്ടായിരുന്നവരുടെ സമയോചിത ഇടപെടലിൽ ഈ ബോട്ടിലെ തീകെടുത്തി.
ഇതിനിടെ അഴിച്ചുവിട്ട ബോട്ടുകൾ ഒഴുകി മറുകരയിലെ ഐസ് പ്ലാന്റിനോട് ചേർന്ന മൺത്തിട്ടയിൽ ഇടിച്ചുനിന്നു. ഉടൻ ചാമക്കടയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. പിന്നാലെ കടപ്പാക്കട, ചവറ, പരവൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളുമെത്തി. എന്നാൽ ബോട്ട് കായലിന്റെ മറുകരയിലായതിനാൽ ഫയർഫോഴ്സ് സംഘത്തിന് അതിനടുത്തേക്ക് എത്താനായില്ല. ഫിഷറീസിന്റെ ഉൾപ്പടെ ബോട്ടുകളും വള്ളങ്ങളുമെത്തിച്ച് അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും കെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |