
ന്യൂഡൽഹി: ഇന്നലെ നിലവിൽ വന്ന തൊഴിൽ കോഡിനെതിരെ നവംബർ 26 ന് സംയുക്ത കിസാൻ മോർച്ചയും (എസ്.കെ.എം) ബി.എം.എസ് ഒഴികെയുള്ള കേന്ദ്രട്രേഡ് യൂണിയനുകളും സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും. നിയമം പിൻവലിക്കുന്നത് വരെ തൊഴിലിടങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കാനും ആഹ്വാനമുണ്ട്.
തൊഴിലുടമകൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കുകയാണെന്ന് ബി.എം.എസ് ഒഴികെയുള്ള 10 കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പ്രസ്‌താവനയിൽ പറഞ്ഞു. അദ്ധ്വാനിക്കുന്ന ജനങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നടത്തിയ വഞ്ചനാപരമായ നീക്കമാണ് തൊഴിൽ കോഡ് എന്നും പ്രസ്‌താവനയിൽ പറയുന്നു.
തൊഴിലാളികളുടെ അവകാശങ്ങൾ തട്ടിയെടുക്കാനും ഉപജീവനത്തിന് തടസം നിൽക്കുന്ന നിയമങ്ങളാണിത്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഉയരുമ്പോൾ ഈ നിയമങ്ങൾ പ്രഖ്യാപിക്കുന്നത് തൊഴിലാളികൾക്കെതിരായ യുദ്ധപ്രഖ്യാപനമാണ്. ബീഹാർ തിരഞ്ഞെടുപ്പ് വിജയത്തിൽ മതിമറന്നാണ് കേന്ദ്ര സർക്കാർ നിയമം നടപ്പാക്കുന്നത്. നിയമം നടപ്പാക്കും മുൻപ് ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐ.എൽ.സി) വിളിച്ചുചേർക്കണമെന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആവശ്യം തളളി. നവംബർ 20 ന് ധനകാര്യ മന്ത്രാലയം നടത്തിയ പ്രീ-ബഡ്‌ജറ്റ് കൺസൾട്ടേഷൻ യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |