
കൊച്ചി: ഭാര്യയ്‌ക്കും മക്കൾക്കും ജീവനാംശം നൽകേണ്ടി വരുന്ന കേസുകളിൽ ലോൺ തിരിച്ചടവിന്റെ പേരിലും മറ്റും വരുമാനം കുറച്ചു കാണിക്കുന്ന ഭർത്താക്കന്മാരുടെ തന്ത്രം പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. മൊത്ത വരുമാനം കണക്കാക്കിവേണം ജീവനാംശം തീരുമാനിക്കാനെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ജീവനാംശ തുക കുറച്ചുകിട്ടാനായി വായ്പയോ ഇൻഷ്വറൻസോ എടുക്കുന്നവരുണ്ട്. പി.എഫിലേക്ക് ശമ്പള വിഹിതം കൂട്ടിയിടുന്നവരുമുണ്ട്. ഇതെല്ലാം നിക്ഷേപമായി കണക്കാക്കി മൊത്ത വരുമാനത്തിൽ ഉൾപ്പെടുത്തിവേണം ജീവനാംശം തീരുമാനിക്കാനെന്ന് കോടതി പറഞ്ഞു.വേർപിരിഞ്ഞു നിൽക്കുന്ന ഭാര്യയ്‌ക്കും മകൾക്കും പ്രതിമാസം യഥാക്രമം 6000, 3500 രൂപ വീതം ജീവിതച്ചെലവായി നൽകാനുള്ള കുടുംബക്കോടതി ഉത്തരവിനെതിരെ കണ്ണൂർ സ്വദേശിയായ എൻജിനിയറിംഗ് കോളേജ് ഇൻസ്ട്രക്ടർ സമർപ്പിച്ച ഹർജി തള്ളിയ ഉത്തരവിലാണ് നിരീക്ഷണം. ലൈഫ് ഇൻഷ്വൻസും വാഹനവായ്പാ തവണകളും പിടിക്കുന്നതിനാൽ കൈയിൽ കിട്ടുന്ന തുക കുറവാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്. ഹൈക്കോടതി ഇത് അംഗീകരിച്ചില്ല. കുടുംബക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |