തൊടുപുഴ: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെമ്പാടും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി ജനങ്ങൾ കൂടുന്ന എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തി. തൊടുപുഴയിൽ രാവിലെ 11 മണി മുതൽ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി. തൊടുപുഴയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മങ്ങാട്ടുകവല ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, മാർക്കറ്റ്, ധന്വന്തരി ജംഗ്ഷൻ, പ്രസ്ക്ലബ് റോഡിലെ തുണിക്കടകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾ പരിശോധിച്ചു. മൂന്നാറിൽ ഹെഡ്‌വർക്ക്സ് മുതൽ വിനോദസഞ്ചാരികളുടെ വാഹനം നിറുത്തി പരിശോധിക്കുന്നുണ്ട്. മൂന്നാറിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലും പരിശോധിച്ചു. കമ്പംമെട്ട് അടക്കമുള്ള അതിർത്തി ചെക്പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കി. ആഘോഷങ്ങൾ കഴിയുന്നതുവരെ പരിശോധന തുടരും. ഓണാഘോഷങ്ങളുടെ ഭാഗമായി അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിന് മഫ്തിയിലും യൂണിഫോമിലും കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും രാവിലെയും വൈകീട്ടും പൊലീസ് പരിശോധന നടത്തും. കളക്ടറേറ്റിലും പ്രധാന ഓഫിസുകളിലും നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു.
ഗുജറാത്ത് തീരത്ത് തീവ്രവാദികൾ എത്തിയെന്ന് സംശയിക്കുന്ന ആളൊഴിഞ്ഞ ബോട്ട് കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലയിലും സംസ്ഥാന പൊലീസ് മേധാവി ജാഗ്രത നിർദേശം നൽകിയത്.
ഇവിടങ്ങളിൽ കനത്ത ജാഗ്രത
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ പൊലീസ് ഇടുക്കിയിൽ അതീവജാഗ്രത പാലിക്കുന്നുണ്ട്. മൂന്നാർ, തേക്കടി തുടങ്ങിയ വിദേശികളെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സഞ്ചാരികൾക്ക് തുറന്നുനൽകിയിരിക്കുന്ന ചെറുതോണി അണക്കെട്ടിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലയിൽ ഒരു ഡോഗ് സ്ക്വാഡ്
ജില്ലയിലാകെ പൊലീസ് നായ ഫിഡലടങ്ങുന്ന ഒരു ഡോഗ് സ്ക്വാഡാണുള്ളത്. അതിനാൽ ഇന്നലെ തൊടുപുഴയിൽ മാത്രമാണ് ഡോഗ് സ്ക്വാഡ് പരിശോധന നടത്താനായത്. എന്തെങ്കിലും അടിയന്തരസാഹചര്യമുണ്ടായാൽ ഡോഗ് സ്ക്വാഡ് അങ്ങോട്ട് എത്തുകയാണ് പതിവ്. ഇന്നലെ പരിശോധന നടത്താതിരുന്ന കട്ടപ്പന ടൗണടക്കമുള്ള സ്ഥലങ്ങളിൽ ഇന്ന് ഡോഗ് സ്വകാഡും ബോംബ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തും.
വിവരം അറിയിക്കാം
സംശയാസ്പദ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപെട്ടാൽ 112 എന്ന നമ്പറിലോ ഡി.ജി.പിയുടെ കൺേട്രാൾ റൂമിലോ (0471 2722500) അറിയിക്കണം.
'ഓണനാളുകളിൽ പൂർണമായും പരിശോധന തുടരാനാണ് തീരുമാനം. ഒരാഴ്ചയോളം ജില്ലയിലെമ്പാടും പരിശോധനയുണ്ടാകും."
-ടി. നാരായണൻ
(ഇടുക്കി ജില്ലാ പൊലീസ് മേധാവി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |