തിരുവനന്തപുരം: ഉരുൾദുരന്തം 33 സഹപാഠികളെ പറിച്ചെടുത്തതിന്റെ നീറ്റൽ ഉള്ളിലൊതുക്കി വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ കുരുന്നുകൾ നാളെ പുതിയ സ്കൂൾ കെട്ടിടത്തിൽ അദ്ധ്യയനം തുടങ്ങും.
മേപ്പാടി ജി.എച്ച്.എസ്.എസിനോട് ചേർന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയാണ് 12 ക്ളാസ് മുറികൾ പണിതുനൽകിയത്. ഇവരുടെ സ്കൂളിനെ ഉരുൾ അപ്പാടെ വിഴുങ്ങിയിരുന്നു. 14 കിലോമീറ്റർ അകലെ മേപ്പാടി ജി.എച്ച്.എസ്.എസിൽ 2024 സെപ്തംബർ രണ്ടിന് സർക്കാർ പുനഃപ്രവേശനം നൽകി. ഇവിടെ രണ്ട് സ്കൂളിന് സൗകര്യക്കുറവ് പ്രശ്നമായി. തുടർന്നാണ് ബിൽഡേഴ്സ് അസോസിയേഷൻ നന്മയുടെ മാതൃകയായത്.
മണിപ്പാൽ ഫൗണ്ടേഷൻ നൽകിയ സ്കൂൾ ബസിലാണ് ചൂരൽമലയിൽ താമസിക്കുന്ന കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. ബസിന്റെ പ്രവർത്തനച്ചെലവിനും സുമനസുകളുടെ സഹായമുണ്ട്.
ജീവിതം കീഴ്മേൽമറിച്ച ദുരന്തത്തോട് തോൽക്കാത്ത കുരുന്നുകൾ വെള്ളാർമല സ്കൂളിന് അഭിമാനതാരങ്ങളാണ്. പത്താംക്ളാസിൽ മുൻവർഷത്തെ 100 ശതമാനം നിലനിറുത്തിയ സ്കൂൾ, ദുരന്തത്തിന് മുൻപ് 58 ശതമാനമായിരുന്ന പ്ളസ് ടു വിജയം 83 ശതമാനത്തിലേക്ക് ഉയർത്തി! കൗൺസലിംഗും കലാപരിശീലനവും നൽകിയും കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചുമാണ് അദ്ധ്യാപകർ ചിരിയുടെ ലോകത്തേക്ക് വഴിനടത്തുന്നത്.
മുറിവുണങ്ങാതെ
പ്രിൻസിപ്പൽ ഭവ്യ
ഒരു ഉറക്കത്തിന്റെ മറപറ്റിയെത്തിയ ദുരന്തം പ്രിൻസിപ്പൽ ഭവ്യടീച്ചറുടെ ഹൃദയത്തിൽ തുന്നലിടാനാവാത്ത മുറിവാണ്. 2024 ജൂലായ് 30 ചൊവ്വ, പുലർച്ചെ മൂന്ന്. ടീച്ചറെ ഉണർത്തിയത് സുഹൃത്തിന്റെ ഫോൺകാൾ... 'ചൂരൽമലയിൽ ഉരുൾപൊട്ടിയെന്ന്. പ്രശ്നമാണെന്ന് കേൾക്കുന്നു. കൂടുതലൊന്നും അറിയില്ല..." വെപ്രാളത്തോടെ ഫോൺവച്ച ടീച്ചർ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനെ വിളിച്ചു. ദുരന്തത്തിന്റെ ആഴമറിഞ്ഞത് വിറയലോടെ... ഉറക്കമില്ലാത്ത കാത്തിരിപ്പിനൊടുവിൽ ഉച്ചയോടെ ചാനൽ സ്ക്രോളുകളിൽ മൺമറഞ്ഞ കുട്ടികളുടെ പേരുകൾ തെളിഞ്ഞുതുടങ്ങി. പിറ്റേന്ന് എത്തിയത് വിറങ്ങലിപ്പിച്ച വാർത്ത.
ഒന്നുമുതൽ 12 വരെ ക്ളാസുകളിലെ 33 കുട്ടികളെ ഉരുൾ കവർന്നു. 10 ശരീരങ്ങൾ ഇപ്പോഴും കാണാമറയത്ത്.
പല കുട്ടികൾക്കും രക്ഷിതാക്കളെയും സഹോദരങ്ങളേയും നഷ്ടമായി.16 വർഷമായി ഈ സ്കൂളിൽ ജോലി ചെയ്യുന്ന ഭവ്യ 10വർഷം സ്കൂളിന്റെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. അന്നത്തെ അയൽവാസികളിൽ പലരും ദുരന്തത്തിൽ ഓർമ്മയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |