തിരുവനന്തപുരം: കഴിഞ്ഞ ഏഴു ദിവസത്തിനിടെ മഴയിലും കടൽക്ഷോഭത്തിലുമായി മരിച്ചവരുടെ എണ്ണം 33 ആയി. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റപ്പട്ട കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 24 വീടുകൾ ഭാഗികമായി തകർന്നു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ നിലമേൽ 5-ാം വാർഡിൽ വെള്ളക്കട്ട് രൂപപ്പെട്ട് രണ്ട് വീടുകൾ ഒറ്റപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിനോട് ചേർന്നുള്ള പകൽവീട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
ആലപ്പുഴ ജില്ലയിൽ ഇന്നലെ രണ്ടു മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിപ്പാട് നെടുന്തറ ചാക്കാട്ട് കിഴക്കതിൽ സ്റ്റീവ് (23) പാടത്ത് വലയിടാൻ പോകവേ ഫൈബർ വള്ളം മറിഞ്ഞാണ് മരിച്ചത്. വീടിന് സമീപത്തെ വയലിലെ വെള്ളക്കെട്ടിൽ വീണ് കർഷകൻ ഭരണിക്കാവ് കട്ടച്ചിറ ചക്കാലേത്ത് കിഴക്കതിൽ പത്മകുമാർ (63) മരിച്ചു. ഹരിപ്പാട് മീൻപിടിക്കാൻ പോയ പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) വള്ളം മറിഞ്ഞ് മരിച്ചു. ഇതോടെ ജില്ലയിൽ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.
കൊച്ചി കുമ്പളത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ലഭിച്ചു. പറവൂർ കെടാമംഗലം മുളവുണ്ണി രാമ്പറമ്പിൽ രാധാകൃഷ്ണന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. കായംകുളത്ത് ഗൃഹനാഥൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കട്ടച്ചിറ സ്വദേശി പത്മകുമാർ(66) ആണ് മരിച്ചത്.വൈപ്പിനിൽ വ്യാഴാഴ്ച വൈകിട്ട് വഞ്ചിയിൽ നിന്ന് കായലിൽ വീണ യുവാവിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെടുത്തു. ചെറായി തൃക്കടക്കാപ്പിള്ളി സ്രാമ്പിക്കൽ മുരളിയുടെ മകൻ നിഖിൽ (കണ്ണൻ 32)ആണ് വീരൻപുഴയിൽ ചെറായി തൃക്കടക്കാപ്പിള്ളി ഭാഗത്ത് വഞ്ചി മറിഞ്ഞ് മരിച്ചത്.
കണ്ണൂർ പാട്യം മുതിയങ്ങയിൽ തോട്ടിലെ ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. മുതിയങ്ങ ശങ്കരവിലാസം യു.പി സ്‌കൂളിനു സമീപം വിനോദ് ഭവനിൽ സി.പി. നളിനിയുടെ (70) മൃതദേഹമാണ് വീടിനു സമീപത്തെ തോട്ടിൽ നിന്നു കണ്ടെത്തിയത്. എറണാകുളം കടമറ്റത്ത് കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോഴിക്കോട് വളയനാട് ശ്രീവിനായക കുറ്റിയിൽ താഴം തിരുത്തിപ്പറമ്പ് വീട്ടിൽ വിഷ്ണുപ്രസാദ് (27) ആണ് മരിച്ചത്. തൃശൂരിൽ സുരക്ഷാനടപടികളുടെ ഭാഗമായി അഞ്ചു ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |