കൊച്ചി: പുത്തൻ ബാഗും കുടയും പുസ്തകവും റെഡി. യൂണിഫോമും ഇട്ടുനോക്കി ഇഷ്ടപ്പെട്ടു. അനവദ്യയും തയ്യാർ. പക്ഷേ ഇന്ന് കൂട്ടുകാർക്കൊപ്പം സ്‌കൂളിൽ പോകാൻ കഴിയില്ലെന്ന് അവൾക്കറിയില്ല.
രക്താർബുദം അവളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തി. ഒരു അണുബാധപോലും വലിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും.
പക്ഷേ,പഠിക്കാൻ മിടുക്കിയായ അവൾ സ്‌കൂളിൽ പോകണമെന്ന് വാശിപിടിച്ചതോടെ ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയാണ് മാതാപിതാക്കൾ ചേച്ചിമാർക്കൊപ്പം ബാഗും പുസ്തകവുമെല്ലാം വാങ്ങി നൽകിയത്. എൽ.കെ.ജിയും യു.കെ.ജിയും പഠിച്ച തൃശൂർ പൊന്നൂക്കര മതിക്കുന്ന് ജി.ജെ.ബി.എഫ് സ്‌കൂളിൽ രണ്ടാഴ്ച മുമ്പ് ഒന്നാം ക്ലാസിൽ അഡ്മിഷനും എടുത്തിരുന്നു. പൊന്നൂക്കര സ്വദേശി ഷൈജുവിന്റെയും സുഷീരയുടെയും ഇളയ മകളാണ് അനവദ്യ. എൽ.കെ.ജിയിൽ പഠിക്കെയാണ് രക്താർബുദം പിടിപെടുന്നത്. വയറുവേദനയ്‌ക്കും കൈയിലെ പൊട്ടലിനുമുള്ള ചികിത്സയ്ക്കിടെ രോഗബാധ സ്ഥിരീകരിച്ചപ്പോൾ, സ്വർണാഭരണ നിർമ്മാണശാലയിലെ തൊഴിലാളിയായ ഷൈജുവും ഭാര്യയും തകർന്നുപോയി. ഷൈജുവിന്റെ ഹൃദ്രോഗിയായ പിതാവ് തുടയെല്ലിന് പൊട്ടലുണ്ടായി കിടപ്പാണ്. മാതാവിനും പരസഹായം കൂടിയേ തീരൂ. ഏതു നിമിഷവും ഇടിഞ്ഞുവീണേക്കാവുന്ന വീട്ടിൽ പട്ടിണിയോട് പടവെട്ടി കഴിയുന്ന കുടുംബത്തിന് സർക്കാർ ആശുപത്രിയിലെ ചികിത്സപോലും താങ്ങാൻ കഴിഞ്ഞില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായമായിരുന്നു തുണ. തൃശൂരിലും എറണാകുളത്തുമായിരുന്നു ആദ്യം ചികിത്സ. എട്ട് മാസം തിരുവനന്തപുരത്ത് താമസിച്ച് റീജിയണൽ ക്യാൻസർ സെന്ററിലും (ആർ.സി.സി) ചികിത്സ തേടി. തുമ്മൽ പോലും വരാതെയാണ് ഷൈജുവും സുഷീരയും അനവദ്യയെ പരിപാലിക്കുന്നത്.
''സ്‌കൂളിൽ വിടണമെന്ന് ആഗ്രഹമുണ്ട്. പാട്ടുപാടാനും പഠിക്കാനും സ്‌കൂളിൽ അവളാണ് മുന്നിൽ,"" വിതുമ്പലോടെ സുഷീര പറഞ്ഞു. ചികിത്സയുടെ പങ്കപ്പാടിനിടെ മുടങ്ങാതെ ജോലിക്കു പോകാൻ ഷൈജുവിന് കഴിയുന്നില്ല. ഏഴിലും മൂന്നിലുമുള്ള മൂത്ത കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കളുടെ ചികിത്സയ്ക്കും പണം കണ്ടെത്തണമെന്നതും ദുരിതം ഇരട്ടിയാക്കുന്നു. സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഷൈജുവും സുഷീരയും.
എല്ലാ കുട്ടികളും സ്‌കൂളിലേക്ക് പോകുമ്പോൾ ഞങ്ങളുടെ മകൾ മാത്രം വീട്ടിലിരിക്കുന്നത് ഓർക്കുമ്പോൾ സങ്കടം സഹിക്കാനാവുന്നില്ല. മഴ മാറിയിട്ട് സ്‌കൂളിൽ വിടണമെന്നാണ് ആഗ്രഹം.
ഷൈജു, സുഷീര
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |