മുംബയ്: രാജ്യത്തെ ആദ്യ എ സി സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസ് ലക്‌നൗവിനും മുംബയ്‌ക്കുമിടയിൽ സർവീസ് നടത്തും. ഹർദോയ്, ഷാജഹാൻപൂർ, ബറേലി, മൊറാദാബാദ്, ഗാസിയാബാദ്, നിസാമുദീൻ, ആഗ്ര എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും. ഈ മാസം തന്നെ ടൈംടേബിൾ പുറത്തിറക്കുമെന്നാണ് വിവരം.
വിപുലമായ സർവേകൾക്ക് ശേഷമാണ് സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസിനുള്ള റൂട്ട് റെയിൽവേ അന്തിമമാക്കിയത്. ലക്‌നൗവിൽ നിന്ന് ആരംഭിച്ച് ഹർദോയ്, ഷാജഹാൻപൂർ, ബറേലി ജംഗ്‌ഷൻ, റാംപൂർ, മൊറാദാബാദ്, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീൻ, ആഗ്ര വഴി മുംബയിൽ എത്തും. ആഴ്‌ചയിൽ നാല് ദിവസം സർവീസ് നടത്തുന്ന ഈ ട്രെയിനിൽ ഫസ്റ്റ്, സെക്കന്റ്, തേർഡ് ക്ലാസുകൾ ഉൾപ്പെടെ പൂർണമായും എയർ കണ്ടീഷൻ ചെയ്‌ത 20 കോച്ചുകളും രണ്ട് എസ്‌എൽആർ കോച്ചുകളും ഉണ്ടായിരിക്കും. ഏകദേശം 1200 പേർക്ക് ഈ ട്രെയിനിൽ യാത്ര ചെയ്യാം.
രാജധാനി, ശതാബ്‌ദി ട്രെയിനുകളെക്കാൾ വേഗവും സൗകര്യങ്ങളുമുള്ള സ്ലീപ്പർ വന്ദേഭാരത് എക്‌സ്‌പ്രസ് റെയിൽ യാത്രയിൽ പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നുള്ളവർക്ക് ഈ ട്രെയിൻ വലിയ ആശ്വാസമാകും. ബറേലി ലോക്‌മാന്യ തിലക് എക്‌സ്‌പ്രസ്, രാംനഗർ - ബാന്ദ്ര എക്‌സ്‌പ്രസ് തുടങ്ങിയ നിലവിലുള്ള ട്രെയിനുകൾ എല്ലായ്‌പ്പോഴും യാത്രക്കാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |