കൊച്ചി/കോഴിക്കോട്: 'പുരുഷൻ' പ്രസവിച്ചാൽ അച്ഛനാര്, അമ്മയാര് എന്ന ചോദ്യത്തിന് നിയമപോരാട്ടത്തിലൂടെ ട്രാൻസ് ജൻഡർമാരായ സിയയും സഹദും ഉത്തരം നേടി.
അച്ഛനും അമ്മയും വേണ്ട, മാതാപിതാക്കൾ എന്നു രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചു.
പുരുഷൻ പ്രസവിച്ചെന്ന വാർത്തയിലൂടെ ലോക ശ്രദ്ധപിടിച്ചുപറ്റിയ ട്രാൻസ്‌ജെൻഡർ ദമ്പതികളാണ് കോഴിക്കോട്ടുകാരായ സിയയും സഹദും.
ജെൻഡർ മാറുമ്പോഴും ഗർഭാശയമുണ്ടെങ്കിൽ ഒരാൾക്ക് പ്രസവിക്കാനാവും. അതാണ് സഹദിന്റെ കാര്യത്തിൽ സംഭവിച്ചത്. കുഞ്ഞ് അച്ഛാ എന്ന് സഹദിനെ വിളിക്കുമ്പോൾ അവളുടെ ജനന സർട്ടിഫിക്കറ്റിൽ അമ്മയെന്ന് രേഖപ്പെടുത്തുന്നത് പൊതുസമൂഹത്തിൽ കുഞ്ഞിനെ വല്ലാതെ വേട്ടയാടും. അതിനെതിരെയായിരുന്നു നിയമ പോരാട്ടം.
സുഹൃത്തും ട്രാൻസ് ജെൻഡറുമായ അഭിഭാഷക പത്മലക്ഷ്മിയാണ് ഇവർക്കുവേണ്ടി വാദിച്ചത്.
2020 ലായിരുന്നു ഇവരുടെ വിവാഹം. ജൻഡർ മാറ്റത്തിനുള്ള ശസ്ത്രക്രിയ കഴിഞ്ഞാൽ പ്രസവം സാദ്ധ്യമല്ലെന്ന് ബോധ്യമായതോടെ സഹദ് കുഞ്ഞിനെ ഗർഭം ധരിച്ചു. പ്രസവശേഷമാണ് രണ്ടുപേരും ജെൻഡർ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പ്രസവിച്ച സഹദ് കുഞ്ഞിന്റെ അച്ഛനും സിയ അമ്മയുമായി. പ്രസവിച്ചത് സഹദാകയാൽ അമ്മയാണെന്ന് കോഴിക്കോട് കോർപ്പറേഷൻ രേഖപ്പെടുത്തിയതാണ് നിയമയുദ്ധത്തിലേക്ക് നീങ്ങിയത്.
മകൾ സബിയ സഹദിന് ഇപ്പോൾ രണ്ടുവയസും നാലുമാസവുമാണ് പ്രായം.
സഹദും സിയ പവലും തൊഴിലാവശ്യാർത്ഥം ഇപ്പോൾ തിരുവനന്തപുരത്താണ്.
മകളെ ലോകമറിയുന്ന നർത്തകിയാക്കണം. ഇപ്പോൾ തന്നെ ചുവടുകൾ വെച്ചുതുടങ്ങി. ഞങ്ങൾക്ക് കിട്ടാതെപോയ സൗഭാഗ്യങ്ങളെല്ലാം അവൾക്ക് ഉണ്ടാവണം...' പോരാട്ടം അവസാനിക്കുന്നില്ല സിയ പറഞ്ഞു നിർത്തി.
ജനന സർട്ടിഫിക്കറ്റിൽ
'ട്രാൻസ്ജെൻഡർ" പാടില്ല
കൊച്ചി: കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ മാതാവിന്റെയും പിതാവിന്റെയും പേരുകൾ പ്രത്യേകം രേഖപ്പെടുത്തിയതിന് പകരം 'മാതാപിതാക്കൾ" (പേരന്റ്സ്) എന്നാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി അനുവദിച്ചത് സർട്ടിഫിക്കറ്റിൽ പിതാവിന്റെയും മാതാവിന്റെയും പേരിനോട് ചേർന്ന് 'ട്രാൻസ്ജെൻഡർ" എന്ന് രേഖപ്പെടുത്തിയതും ഒഴിവാക്കി നൽകാൻ ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ ഉത്തരവിട്ടു. കോഴിക്കോട് കോർപ്പറേഷൻ രണ്ട് മാസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണം.
മാതാവിന്റെയും പിതാവിന്റെയും പേര് പ്രത്യേകം രേഖപ്പെടുത്തുന്നത് കുട്ടിയുടെ സ്‌കൂൾ പ്രവേശന സമയത്തും, ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് അപേക്ഷകളിലും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. ഇത് ഒഴിവാക്കാനാണ് 'മാതാപിതാക്കൾ" എന്ന് രേഖപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടത്.
``രാജ്യത്തൊരു നിയമുണ്ട്, അതിന് ജാതിയും മതവും ജെൻഡറുമില്ല. എല്ലാവരും മനുഷ്യരാവുന്ന കാലത്താണ് ജീവിക്കുന്നതെന്നതിൽ അഭിമാനം തോന്നുന്നു..``
-സിയ
(കേരളകൗമുദിയോടു പറഞ്ഞത്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |