മലപ്പുറം: മുനമ്പം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വഞ്ചകനെന്ന് പി വി അൻവർ. ക്രൈസ്തവരെ മുഖ്യമന്ത്രി വഞ്ചിച്ചെന്നും പിതാവിനെപ്പോലെ കണ്ടാണ് അദ്ദേഹത്തിനൊപ്പം നിന്നതെന്നും അൻവർ വ്യക്തമാക്കി. കൈയും കാലും കെട്ടിയിട്ട സ്ഥിതിയിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഎസിനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പിണറായി വിജയൻ വഞ്ചിച്ചെന്നും അൻവർ ആരോപിച്ചു. വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. തീർത്തും വഞ്ചകനായ അദ്ദേഹം എങ്ങനെയാണ് തന്നെ വഞ്ചകനെന്ന് വിളിക്കുന്നതെന്നും അൻവർ ചോദിച്ചു.
ഡൽഹിയിൽ വച്ച് ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി. ആ അഭിമുഖം താനാണ് പുറത്തുവിട്ടത്. ബിജെപിക്ക് ആയുധം ഉണ്ടാക്കിക്കൊടുക്കുക എന്ന കരാറിന്റെ ബാക്കിപത്രമായിരുന്നു ഡൽഹിയിൽവച്ചുള്ള അഭിമുഖമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃണമൂൽ സ്ഥാനാർത്ഥിയായി നൽകിയ അൻവറിന്റെ പത്രിക ഇന്നലെ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളിയിരുന്നു. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള മറ്റൊരു പത്രിക അംഗീകരിച്ചു.
തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടി അല്ലാത്തതിനാൽ നോമിനേഷനിൽ പത്തുപേർ ഒപ്പിടണം. എന്നാൽ, അൻവർ സമർപ്പിച്ച പത്രികയിൽ ഒരു ഒപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് പത്രിക തള്ളിയത്. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ സാങ്കേതിക തടസമുള്ളതിനാൽ സ്വതന്ത്രനായി മറ്റൊരു പത്രിക കൂടി അൻവർ നൽകുകയായിരുന്നു.
ആം ആദ്മി പിന്തുണയില്ല
പി വി അൻവറിന് ആം ആദ്മി പാർട്ടി പിന്തുണ നൽകില്ല. തൃണമൂൽ കോൺഗ്രസിന്റെ നാമനിർദേശ പത്രിക തള്ളിയ സാഹചര്യത്തിലാണ് തീരുമാനം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ആം ആദ്മി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്.
വാതിൽ തുറക്കില്ല: വി ഡി സതീശൻ
അൻവറിന് മുന്നിൽ അടച്ച വാതിൽ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു ഡി എഫിന്റെ അഭിമാനത്തിന് വില പറയാൻ ആരെയും സമ്മതിക്കില്ല. അൻവറിന്റെ കാര്യത്തിൽ തീരുമാനമെടുത്തത് താൻ ഒറ്റയ്ക്കല്ല. പി കെ കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും കൂടി ആവശ്യപ്പെട്ട പശ്ചാത്തലത്തിലായിരുന്നു അത്. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയുമാണ് ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ചർച്ച തുടരുന്നതിൽ അർത്ഥമില്ലെന്ന് ഇരുവരും വ്യക്തമാക്കിയെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |