പാരീസ് : കഴിഞ്ഞ മൂന്ന് സീസണുകളിലും കിരീടം നേടിയിരുന്ന ഇഗ ഷ്വാംടെക്കിനെ സെമിയിൽ കീഴടക്കി നിലവിലെ ലോക ഒന്നാം നമ്പർ താരം അര്യാന സബലേങ്ക ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാസിംഗിൾസ് ഫൈനലിലെത്തി. ബെലറൂസുകാരിയായ സബലേങ്ക ആദ്യമായാണ് ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിൽ കളിക്കുന്നത്.
മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിലാണ് സബലേങ്ക ഇഗയെ മറികടന്നത്. സ്കോർ : 7-6(7/1),4-6,6-0. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ ഇഗ ടൈബ്രേക്കറിലാണ് പിടിവിട്ടത്. എന്നാൽ രണ്ടാം സെറ്റ് ശക്തമായി തിരിച്ചടിച്ച് ഇഗ നേടി. പക്ഷേ മൂന്നാം സെറ്റിൽ ഇഗയുടെ സർവുകൾ എല്ലാം ബ്രേക്ക് ചെയ്ത് ഒരു ഗെയിംപോയിന്റ് പോലും നേടാൻ അനുവദിക്കാതെ സബലേങ്ക വിജയം കണ്ടു.
പുരുഷ സിംഗിൾസ് സെമിയിൽ നിലവിലെ ഒന്നാം നമ്പർ താരം യാന്നിക്ക് സിന്നറും മുൻ ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ചും ഏറ്റുമുട്ടും. കഴിഞ്ഞ രാത്രി നടന്ന ക്വാർട്ടർ ഫൈനലുകളിൽ സിന്നർ കസാഖിസ്ഥാന്റെ അലക്സാണ്ടർ ബുബ്ളിക്കിനെയും നൊവാക്ക് ജർമ്മനിയുടെ അലക്സിസ് സ്വരേവിനെയുമാണ് തോൽപ്പിച്ചത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ബുബ്ളിക്കിനെതിരെ സിന്നറുടെ ജയം. സ്കോർ : 6-1,7-5,6-0. നാലുസെറ്റ് നീണ്ട പോരാട്ടത്തിലാണ് ആറാം സീഡായ നൊവാക്ക് മൂന്നാം സീഡായ സ്വരേവിനെ കീഴടക്കിയത്. ആദ്യസെറ്റ് നഷ്ടമായ ശേഷമായിരുന്നു നൊവാക്കിന്റെ തിരിച്ചുവരവ് സ്കോർ : 4-6,6-3,6-2,6-4.
ഫ്രഞ്ച് ഓപ്പണിൽ ആദ്യമായാണ് നൊവാക്കും സിന്നറും ഏറ്റുമുട്ടുന്നത്. ഫ്രഞ്ച് ഓപ്പണിലെ നാെവാക്കിന്റെ 101-ാമത്തെ വിജയമായിരുന്നു ക്വാർട്ടറിലേത്.
വനിതാ സിംഗിൾസിൽ ആറാം സീഡായ റഷ്യൻ താരം മിറ ആൻഡ്രീവയെ7-6 (8/6),6-3ന് അട്ടിമറിച്ച് ലോക 361-ാം റാങ്കുകാരിയായ ഫ്രഞ്ച് താരം ലോയ്സ് ബോയ്സൺ സെമിയിലെത്തി. വൈൽഡ് കാർഡിലൂടെ ടൂർണമെന്റിനെത്തിയ ലോയ്സ് സെമിയിൽ കൊക്കോ ഗൗഫിനെയാണ് നേരിടുക.2011ൽ മരിയൻ ബർത്തോളിക്ക് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ സെമി കടക്കുന്ന ആദ്യ ഫ്രഞ്ചുകാരിയാണ് ലോയ്സ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |