മക്ക:പ്രവാചകൻ മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിന് ഓർമ്മകൾ പുതുക്കി,പ്രാർത്ഥനാ നിർഭരമായ മനസ്സുകളോടെ അറഫാ സംഗമം പൂർത്തിയാക്കിയ നിർവൃതിയിൽ ഹാജിമാർ.അറഫയുടെ മണ്ണും ആകാശവും ശുഭ്രമായ മനസും വസ്ത്രവുമായി വന്നണഞ്ഞ തീർത്ഥാടകരെ വരവേറ്റു.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷത്തിലധികം പേർ അറഫയിൽ ഒത്തുകൂടി.കേരളത്തിൽ നിന്നുള്ള 16,042 പേരിൽ 16,041 ഹാജിമാരും ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമത്തിൽ പങ്കെടുത്തു.ഒരു ഹാജി രണ്ടു ദിവസം മുൻപ് ഹജ്ജ് കർമ്മത്തിന് ഇടയിൽ മരണപ്പെട്ടു.ഏതാനും ഹാജിമാർ അസുഖം ബാധിച്ച് മക്കയിലെ വിവിധ ആശുപത്രികളിൽ ആയിരുന്നു. ഇവരെ ആംബുലൻസിൽ എത്തിച്ചാണ് അറഫാ സംഗമം പൂർത്തീകരിച്ചത്.അറഫയിൽ എത്തിയില്ലെങ്കിൽ ഹജ്ജ് പൂർണ്ണമാവില്ല എന്നാണ് വിശ്വാസം.അറഫാ സംഗമം വിജയകരമായി പൂർത്തീകരിച്ചതായി ഹജ്ജ് വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.കേരളത്തിൽ നിന്നുള്ള 107 സ്‌റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാർ ഹാജിമാർക്ക് നേതൃത്വം നൽകി.ഇന്നലെ സൂര്യാസ്തമയത്തിന് ശേഷം മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ അവിടെ രാപാർത്ത് ഇന്ന് സുബ്ഹി മുതൽ മിനായിലേക് മടങ്ങും.ജമ്രയിൽ കല്ലേറിൽ പങ്കെടുക്കും.കഅ്ബ ത്വവാഫും ബലി കർമ്മവും കൂടി പൂർത്തിയാകുന്നതോടെ ഹജ്ജിന് അർദ്ധ വിരാമമാകും.സൗദി ഉൾപ്പെടെ പ്രധാന ഗൾഫ് രാജ്യങ്ങളിലെല്ലാം ഇന്നാണ് ബലിപെരുന്നാൾ. കേരളത്തിലെ തീർത്ഥാടകർക്ക് സൗദിയിലെ വലിയ ചൂടിലും ആരോഗ്യ പ്രശ്‌നങ്ങൾ വലുതായൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |