തിരുവനന്തപുരം: രണ്ടുവർഷം കാലാവധി പിന്നിട്ട സപ്ലൈകോ അസിസ്റ്റന്റ് സെയിൽസ്മാൻ റാങ്ക്പട്ടികയിൽ നിയമനം ഇഴയുന്നു. 14 ജില്ലകളിലുമായി പ്രസിദ്ധീകരിച്ച 16,717 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റുകളിൽ 1673 പേർക്കുമാത്രമേ ഇതുവരെ നിയമനശുപാർശ ലഭിച്ചിട്ടുള്ളൂ. 15,000 പേർ നിയമനത്തിനായി കാത്തിരിക്കുകയാണ്. 10 ശതമാനം നിയമനം മാത്രമാണ് ഇതുവരെ നടന്നത്. ആകെ നടന്ന നിയമനങ്ങളിൽ ഉൾപ്പെട്ട 680 ലധികവും എൻ.ജെ.ഡി ഒഴിവിലേക്കായിരുന്നു. കഴിഞ്ഞ റാങ്ക്പട്ടികയിൽനിന്ന് 2914 പേർക്ക് നിയമനശുപാർശ ലഭിച്ച സ്ഥാനത്താണ് ഇക്കുറി വലിയ കുറവുണ്ടായത് .
രണ്ടുഘട്ട പരീക്ഷ നടത്തി പ്രസിദ്ധീകരിച്ചതാണ് നിലവിലെ റാങ്ക് ലിസ്റ്റ്. 2023 ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് വിവിധ ജില്ലകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.ആദ്യം പ്രസിദ്ധീകരിച്ച ആലപ്പുഴ ജില്ലയിലെ റാങ്ക് ലിസ്റ്റ് അടുത്ത വർഷം ഫെബ്രുവരിയിൽ റദ്ദാകും. 331 നിയമനശുപാർശ നടന്ന തിരുവനന്തപുരം ജില്ലയുടെ റാങ്ക് ലിസ്റ്റാണ് മുന്നിൽ. കാസർകോട് ജില്ലയിലെ റാങ്ക് ലിസ്റ്റിൽ നിന്നും 27 നിയമന ശുപാർശ മാത്രമാണ് നടന്നത്.
ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു. റാങ്ക് ലിസ്റ്റിലുള്ളവർ ഒഴിവുകൾ കണ്ടെത്തി നൽകിയാലും റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധികൃതർ മടിക്കുന്നതായാണ് പരാതി. എൻ.ജെ.ഡി ഒഴിവുകളും കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യാത്തത് നിലവിലെ പ്രതിസന്ധിക്ക് കാരണമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |