തിരുവനന്തപുരം: രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും ഐ.എച്ച്.ആർ.ഡിയും തമ്മിൽ സംയുക്ത ഗവേഷണങ്ങൾക്കും സംരംഭങ്ങൾക്കും ധാരണയായി. മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി.എ. അരുൺകുമാറും ആർ.ജി.സി.ബി ഡയറക്ടർ ഡോ. ചന്ദ്രഭാസ് നാരായണയും ധാരണാപത്രം ഒപ്പിട്ടു. ഗവേഷണം, സാങ്കേതികരംഗത്തെ സംയുക്ത സംരംഭങ്ങൾ, പരിശീലനപരിപാടികൾ, വർക്ക്‌ഷോപ്പുകൾ അടക്കം വിഭാവനം ചെയ്യുന്നുണ്ട്.
ബയോടെക്നോളജി-ബയോ ഇൻഫർമാറ്റിക്‌സ് മേഖലയിൽ ന്യൂതന വിദ്യാഭ്യാസപദ്ധതികൾ വികസിപ്പിക്കുന്നതിലും ഗവേഷണ മാർഗ്ഗനിർദ്ദേശം നൽകുന്നതിലും ഇരുസ്‌ഥാപനങ്ങളും ചേർന്ന് പ്രവർത്തിക്കും. ഒമ്പത് എൻജിനിയറിംഗ് കോളേജുകൾ, ഏഴ് പോളിടെക്‌നിക് കോളേജുകൾ, 45 അപ്ലൈഡ് സയൻസ് കോളേജുകൾ എന്നിവയടക്കം 87 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.എച്ച്.ആർ.ഡിക്കുള്ളത്. ആധുനിക ജീവശാസ്ത്ര മേഖലയിലെ മോളിക്യൂലാർ ബയോളജി, ഡിസീസ് ബയോളജി, ബയോടെക്നോളജി എന്നിവയിൽ നവീന ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ് രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി. അദ്ധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആഗോളനിലവാരത്തിലുള്ള ഗവേഷണത്തിനും പരിശീലനത്തിനും ഇത് സഹായിക്കുമെന്ന് ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ. അരുൺകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |