ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനം നടത്തിയ മുൻ കേന്ദ്രമന്ത്രി ദിഗ് വിജയ് സിംഗിന്റെ സഹോദരനും മദ്ധ്യപ്രദേശിലെ മുതിർന്ന നേതാവുമായ ലക്ഷ്മൺ സിങ്ങിനെ കോൺഗ്രസ് പുറത്താക്കി.
മുൻ നിയമസഭാംഗവും അഞ്ച് തവണ എം.പിയുമായിരുന്നു ലക്ഷ്മൺ സിംഗ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ലക്ഷ്മൺ സിംഗിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുവർഷത്തേക്ക് പുറത്താക്കിയതായി കോൺഗ്രസ് അച്ചടക്ക സമിതി മെമ്പർ സെക്രട്ടറി താരിഖ് അൻവർ അറിയിച്ചു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ, രാഹുൽ ഗാന്ധിയും സഹോദരീ ഭർത്താവ് റോബർട്ട് വാദ്രയും പക്വതയില്ലാത്തവരാണെന്ന് ലക്ഷ്മൺ സിങ് പ്രസ്താവന നടത്തിയിരുന്നു. ബുദ്ധിപൂർവം പ്രതികരണങ്ങൾ നടത്താൻ അദ്ദേഹം രാഹുലിനെ ഉപദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കോൺഗ്രസ് സംസ്ഥാന ഘടകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചത്.
നേരത്തെയും രാഹുൽ ഗാന്ധിക്കെതിരെ ലക്ഷ്മൺ വിമർശനം നടത്തിയിട്ടുണ്ട്. പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന തരത്തിൽ തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾക്കെതിരെ ഇദ്ദേഹത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |