ആര്യനാട്: പത്തോളം വിവാഹത്തട്ടിപ്പുകൾ നടത്തിയ കേസിലെ പ്രതി എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മയെ( 32)
തട്ടിപ്പ് നടത്തിയ വീടുകളിലെത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും.തുടർന്ന് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
രേഷ്മയുടെ കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തി അച്ഛൻ ആരെന്ന് കണ്ടെത്തും. കുട്ടി രേഷ്മയുടെ അമ്മയുടെ കൂടെ എറണാകുളത്താണുള്ളത്. വിവാഹം കഴിച്ചതെല്ലാം സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലെന്നും സ്നേഹം മാത്രമായിരുന്നുവെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. ഇന്നലെ നെടുമങ്ങാട് കോടതിയിൽ പൊലീസ് മൂന്ന് ദിവസത്തെ
കസ്റ്റഡി അപേക്ഷ നൽകി. രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിപ്പിനിരയായവരെപ്പറ്റിയും വിവരങ്ങൾ ശേഖരിക്കും.
ഇക്കഴിഞ്ഞ 6ന് ആര്യനാട് പഞ്ചായത്തംഗവുമായുള്ള വിവാഹത്തിന് തയാറെടുക്കുമ്പോഴായിരുന്നു രേഷ്മ പിടിക്കപ്പെടുന്നത്. പഞ്ചായത്തംഗത്തിന്റെ സുഹൃത്തായ ഉഴമലയ്ക്കൽ പഞ്ചായത്തംഗത്തിന്റെ വീട്ടിലായിരുന്നു കല്യാണത്തലേന്ന് രേഷ്മയെ പാർപ്പിച്ചത്. കല്യാണദിവസം രേഷ്മയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിൽ നിന്ന് ലഭിച്ചതിനെ തുടർന്ന് നാടകീയമായി രേഷ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവിടെ എത്തിയാവും ഇന്ന് ആദ്യം തെളിവെടുക്കുന്നത്.
ഭർതൃവീടുകൾ
രേഷ്മയ്ക്കറിയില്ല
പല ഭർത്താക്കന്മാരുടെയും വീടുകൾ രേഷ്മയ്ക്ക് അറിയില്ല. ഓൺലൈൻ വിവാഹപരസ്യം നൽകിയവരുടെ ഫോണിലാണ് രേഷ്മ വിളിക്കുന്നത്. അമ്മയായി ശബ്ദം നൽകുന്നതും രേഷ്മയായിരിക്കും. ഭർത്താക്കന്മാരുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കും. ഒട്ടുമിക്ക വിവാഹങ്ങൾക്ക് ശേഷവും ഭർത്താവിന്റെ വീട്ടിലേയ്ക്ക് എത്തുന്നതിന് മുൻപേ വിചിത്രമായ കാരണങ്ങൾ പറഞ്ഞ് രേഷ്മ മുങ്ങും. സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്ന വ്യാജേന മുങ്ങുകയാണ് പതിവ്. തുടർന്ന് അടുത്ത ഇരയെ തേടി ഇറങ്ങും. 2024-25ൽ വിവാഹം ചെയ്തവരുടെ വിവരങ്ങളും വീടും മാത്രമേ രേഷ്മ പൊലീസിനോട് കൃത്യമായി പറയുന്നുള്ളൂ. ആര്യനാട്ടെ തെളിവെടുപ്പിന് ശേഷം തൊടുപുഴ കാവുംപുറത്ത് ശരത്തിന്റെ വീട്ടിലാകും കൊണ്ടുപോകുന്നത്.തുടർന്ന് വാളകത്ത് അഭിലാഷിന്റെ വീട്ടിലും കോട്ടയത്ത് അഭിജിത്തിന്റെ വീട്ടിലും എത്തിക്കും. ഇവർക്ക് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും.
2014ൽ ആദ്യം വിവാഹം ചെയ്ത എറണാകുളം സ്വദേശി മുതൽ തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം,തിരുമല,ആര്യനാട് എന്നിവിടങ്ങളിൽ കബളിപ്പിക്കപ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കൂടുതൽ പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സംസ്കൃതത്തിൽ എം.എ നേടിയ രേഷ്മ ഇപ്പോൾ ജെ.ആർ.എഫ് എടുത്ത് പി.എച്ച്.ഡി ചെയ്യുന്നതായും ഇതിനിടയിൽ ബീഹാറിൽ ജോലി ചെയ്തിരുന്നതായും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതേപ്പറ്റിയും അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |