കൊച്ചി: കേരള തീരത്ത് മുങ്ങിയ എൽസ 3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്‌സിയുടെ മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹെെക്കോടതി നിർദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്‌സിയുടെ മാനസ എഫ് എന്ന കപ്പൽ തടഞ്ഞുവയ്ക്കാനാണ് നിർദേശം നൽകിയത്. വിഴിഞ്ഞ തുറമുഖ അധികൃതർക്കാണ് ഇത് സംബന്ധിച്ച് കോടതി നിർദേശം നൽകിയിരിക്കുന്നത്.
കാഷ്യൂ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിൽ ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. മുങ്ങിയ കപ്പലായ എൽസയിൽ കശുവണ്ടി ഉണ്ടായിരുന്നു. തങ്ങൾക്ക് ആറുകോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കാഷ്യൂ പ്രമോഷൻ കൗൺസിൽ പറയുന്നത്. ഈ നഷ്ടം നികത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ സാഹചര്യത്തിൽ ആറുകോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടുനൽകാമെന്നും ഹെെക്കോടതി അറിയിച്ചു. പണം കെട്ടിവയ്ക്കാമെന്ന് എംഎസ്‌സി കോടതിയെ അറിയിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ബോണ്ട് നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്.
എംഎസ്‌സി എൽസ 3 മുങ്ങിയതുമായി ബന്ധപ്പെട്ട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. കേരള തീരത്ത് നിന്ന് 88 നോട്ടിക്കൽ മൈൽ അകലെ വാൻഹായ് 503 കപ്പലിൽ തീപിടിത്തമുണ്ടായ രണ്ടാമത്തെ കപ്പലപടകം കൂടി ഈ കേസിന്റെ ഭാഗമാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കൃത്യമായ നടപടിയെടുക്കണം. ഇതുവരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കപ്പലപകടത്തിന്റെ പേരിൽ എത്ര പണം ചെലവാക്കിയെന്ന് കോടതി ആരാഞ്ഞു. ഇത് ജനങ്ങളുടെ നികുതി പണമാണ്. എന്തിനാണ് പൊതുജനത്തിന്റെ പണം ചെലവഴിക്കുന്നതെന്നും കപ്പൽ കമ്പനിയിൽ നിന്ന് ഇതിനുവേണ്ട തുക ഈടാക്കണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |