പീരുമേട്: പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് വനിത ഉദ്യോഗസ്ഥകൾ വസ്ത്രം മാറുന്നത് പകർത്തി ഭീഷണിപ്പെടുത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ വൈശാഖാണ് (34) നീചകൃത്യം ചെയ്തത്. കഴിഞ്ഞ ദിവസം ഒളിക്യാമറയിൽ പകർത്തിയ നഗ്നദൃശ്യങ്ങൾ അയച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥയെ വൈശാഖ് ഭീഷണിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉദ്യോഗസ്ഥ വനിത സെല്ലിൽ പരാതി നൽകി. പ്രാഥമിക അന്വേഷണത്തിൽ വൈശാഖ് ചെയ്ത കുറ്റം വെളിപ്പെട്ടു. ജില്ല പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം സൈബർ കുറ്റം ഉൾപ്പെടെ ചുമത്തിയാണ് അറസ്റ്റ്.
സ്റ്റേഷനോടു ചേർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥർ വസ്ത്രം മാറുന്ന ഇടമുണ്ട്. അതിനുള്ളിൽ ഏഴു മാസമായി ഇയാൾ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ മൊബൈലുമായി കണക്ട് ചെയ്ത് പകർത്തുന്നുണ്ടായിരുന്നു. വണ്ടിപ്പെരിയാർ സ്റ്റേഷനിൽ നേരത്തെ ജോലി ചെയ്തിട്ടുള്ള കൂടുതൽ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ നഗ്നചിത്രങ്ങൾ ഇയാൾ പകർത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിൽവാങ്ങി സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവം അറിഞ്ഞതോടെ ഏറെ ആശങ്കയിലാണ് ഇവിടെ ജോലിചെയ്തുപോന്ന വനിതാജീവനക്കാർ.
എസ്.ഐ.ക്കുനേരെ
പന്തം വലിച്ചെറിഞ്ഞു
പൊലീസുകാരനെ സർവീസിൽ നിന്ന പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ വൈകിട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രവർത്തകർ എസ്.ഐക്കുനേരെ പന്തം വലിച്ചെറിഞ്ഞു. തുടർന്ന് പൊലീസ് ലാത്തി വീശി. വാളാടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിഘ്‌നേഷിന് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |