ടെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വിതച്ച് ഇറാനിൽ ഇസ്രയേലിന്റെ വ്യോമപ്രഹരം. ബാലിസ്റ്റിക് മിസൈൽ അടക്കം ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചതോടെ സ്ഥിതിഗതികൾ വഷളായി. രണ്ടു ഇസ്രയേലി യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ പിടികൂടിയെന്നും ഇറാൻ അവകാശപ്പെട്ടെങ്കിലും ഇസ്രയേൽ തള്ളി.
ഇറാൻ സായുധസേനയിലെ പ്രമുഖ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ആസ്ഥാനം അടക്കം നൂറ് ലക്ഷ്യസ്ഥാനങ്ങൾ ഇന്നലെ പുലർച്ചെ ഇസ്രയേൽ തകർത്തിരുന്നു. സൈനിക മേധാവി മുഹമ്മദ് ബാഗേരിയും റെവല്യൂഷണറി ഗാർഡ് തലവൻ ഹുസൈൻ സലാമിയും കൊല്ലപ്പെട്ടു. പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ അടുപ്പക്കാരും ഭരണത്തിലെ നിർണായക ശക്തിയുമായിരുന്നു ഇരുവരും.
ഇരുന്നൂറോളം പോർ വിമാനങ്ങൾ ബോംബുകളും മിസൈലുകളും വർഷിച്ചു. ആണവകേന്ദ്രങ്ങൾ തകർന്നു. ആറ് ആണവശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു. ഇരുപതോളം ഉന്നത സൈനിക ഓഫീസർമാരെയും വധിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം 78 പേർ മരിച്ചതായും 329 പേർക്ക് പരിക്കേറ്റതായും ഇറാൻ അറിയിച്ചു. റഡാറുകളും മിസൈൽ ലോഞ്ചറുകളും റോക്കറ്റ് കേന്ദ്രങ്ങളും തകർത്തുകൊണ്ടായിരുന്നു തുടക്കം. തലസ്ഥാനമായ ടെഹ്റാനിൽ മാത്രം ആറു കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായി. ഇറാൻ വ്യാേമപാത അടച്ചു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 'ഓപ്പറേഷൻ റൈസിംഗ് ലയൺ " എന്നു പേരിട്ട ആക്രമണം വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു. 100ഓളം ഡ്രോണുകൾ തൊടുത്ത് ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഇസ്രയേൽ തകർത്തു. ഇന്നലെ വൈകിട്ടും ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി.
ആണവ കരാർ സംബന്ധിച്ച് യു.എസുമായി നടത്തിവന്ന ചർച്ചകൾ പരാജയപ്പെടുന്ന അന്തരീക്ഷത്തിലായിരുന്നു ഇസ്രയേൽ പ്രഹരം. ബന്ധമില്ലെന്നാണ് യു.എസ് പ്രതികരിച്ചത്. ഇസ്രയേൽ വിനാശകരമായ അടുത്ത ആക്രമണം നടത്തുംമുമ്പേ ഇറാൻ തങ്ങളുമായി ആണവ കരാറിലെത്തണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾക്ക് യു.എസ് പിന്തുണയുണ്ടെന്ന ആരോപണം ഇറാൻ ശക്തമാക്കി. അപലപിച്ച് ഖത്തർ, സൗദി അടക്കം മിഡിൽഈസ്റ്റ് രാജ്യങ്ങളും റഷ്യയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ലോക നേതാക്കളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ ഫോണിൽ സംസാരിച്ചു. വിദേശ എംബസികൾ താത്കാലികമായി അടയ്ക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. അതിനിടെ, യു.എൻ രക്ഷാകൗൺസിൽ അടിയന്തരയോഗം വിളിച്ചു.
ഉന്നംവച്ച പ്രമുഖരെ
ഒന്നടങ്കം വധിച്ചു
ഹുസൈൻ സലാമി- ഇറാന്റെ നട്ടെല്ലായ റെവല്യൂഷനറി ഗാർഡിന്റെ തലവൻ. ഖമനേയിയുടെ അടുപ്പക്കാരൻ
മുഹമ്മദ് ബാഗേരി- ഇറാൻ സായുധ സേന ചീഫ് ഒഫ് സ്റ്റാഫ്. മുൻ റെവല്യൂഷണറി ഗാർഡ് കമാൻഡർ
ഫെറൈദൂൺ അബ്ബാസി ദവാനി- പ്രമുഖ ആണവ ശാസ്ത്രജ്ഞൻ. ഇറാൻ അറ്റോമിക് എനർജി ഓർഗനൈസേഷൻ മുൻ മേധാവി
അമീർ അലി ഹാജിസാദ- റെവല്യൂഷണറി ഗാർഡ് എയർ ഫോഴ്സിന്റെ കമാൻഡർ
അലി ഷംഖാനി- ഖമനേയിയുടെ മുതിർന്ന ഉപദേഷ്ടാവ്
ടെൽ അവീവിൽ സ്ഫോടനം
ഇന്നലെ രാത്രി വൈകിയാണ് ഇസ്രയേലിനുനേരെ ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം തുടങ്ങിയത്. 150ഓളം മിസൈലുകൾ വിക്ഷേപിച്ചു. ടെൽ അവീവിനും ജെറുസലേമിനും മുകളിൽ ഉഗ്ര സ്ഫോടനങ്ങളുണ്ടായി. എത്രത്തോളം നാശംവിതച്ചെന്ന് വ്യക്തമല്ല. 15 പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ ആളുകളെ ഷെൽട്ടറിലേക്ക് മാറ്റിയിരുന്നു. ഇസ്രയേലിന് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് ഖമനേയി പ്രഖ്യാപിച്ചു.
സ്വർണം, ക്രൂഡ് ഓയിൽ
വില ഉയർന്നു
സ്വർണവില കേരളത്തിൽ
74,360 രൂപയിലെത്തി
ക്രൂഡ് ഓയിൽ ബാരലിന്
79 ഡോളർവരെയെത്തി
ഇറാന്റെ ആണവ കേന്ദ്രങ്ങളും ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളും തകർക്കാനാണ് ആക്രമണം നടത്തിയത്.
- ബെഞ്ചമിൻ നെതന്യാഹു,
ഇസ്രയേൽ പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |