കൊച്ചി: എയ്ഡഡ് സ്കൂളുകളിൽ അദ്ധ്യാപകരെ തിരഞ്ഞെടുക്കുന്ന രീതി, അവരുടെ നിയമനത്തിന് അംഗീകാരം നൽകാനുള്ള സർക്കാർ മാനദണ്ഡങ്ങൾ എന്നിവ വ്യക്തമാക്കി ഏഴുദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അല്ലാത്തപക്ഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ 20ന് നേരിൽ ഹാജരാകണം. ജസ്റ്റിസ് ഡി.കെ. സിംഗാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയത്.
അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകളും വിദ്യാഭ്യാസവകുപ്പ് അധികൃതരും തമ്മിൽ അന്തർധാരകളുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയിക്കാം. നിയമനത്തിനുള്ള പൂർണാധികാരം നിലവിൽ മാനേജ്മെന്റുകൾക്കാണോ? സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാതെയും പരസ്യം നൽകാതെയും യോഗ്യതയുള്ള ആരേയും നിയമിക്കാമെന്നാണോ? മെരിറ്റിനേക്കാൾ മറ്റ് പരിഗണനകൾക്കാണോ മുൻഗണന. സർക്കാർ ഈ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് ഏതു മാനദണ്ഡപ്രകാരമാണെന്നും കോടതി ചോദിച്ചു. സെലക്‌ഷൻ കമ്മിറ്റികൾ ഉണ്ടെങ്കിൽ അതിന്റെ ഘടനയെന്താണ്. സർക്കാരിന് അതിൽ എന്തെങ്കിലും മേൽനോട്ടമുണ്ടോ എന്നുള്ള കാര്യവും സത്യവാങ്മൂലത്തിൽ അറിയിക്കണം. പങ്കാളിത്തപെൻഷൻ വിഹിതം പിടിക്കുന്നതിനെതിരേ ഒരുകൂട്ടം എയ്ഡഡ് പ്ലസ് ടു അദ്ധ്യാപകർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ഇടക്കാല ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |