ന്യൂഡൽഹി: എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിനെതിരെ ഗുരുതര പരാതിയുമായി യാത്രക്കാർ രംഗത്തെത്തിയതിനുപിന്നാലെ വിശദീകരണം നൽകി അധികൃതർ. ദുബായിൽ നിന്ന് രാജസ്ഥാനിലെ ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയർഇന്ത്യ IX 196 വിമാനത്തിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നുവെന്നാണ് യാത്രക്കാർ ആരോപിച്ചത്. ദുബായിലെ കൊടും ചൂടിനിടയിൽ അഞ്ച് മണിക്കൂറോളം എയർകണ്ടീഷൻ ചെയ്യാത്ത വിമാനത്തിൽ ഇരിക്കേണ്ടി വന്നുവെന്നാണ് യാത്രക്കാരുടെ പരാതി. ജൂൺ പതിമൂന്നിനായിരുന്നു പരാതിക്കാസ്പദമായ സംഭവം ഉണ്ടായത്.
ഇപ്പോഴിതാ എയർഇന്ത്യയുടെ വക്താവാണ് യാത്രക്കാരുടെ പരാതിയിൽ വിശദീകരണം നൽകിയിരിക്കുന്നത്. എയർ കണ്ടീഷൻ സിസ്റ്റം സാധാരണയായി പ്രവർത്തിച്ചിരുന്നുവെന്നും ദുബായിലേത് പോലുള്ള ചൂടുള്ള കാലാവസ്ഥയിൽ, ടേക്ക് ഓഫ് ചെയ്തതിന് ശേഷം മാത്രമേ കൂളിംഗ് ഇഫക്റ്റ് അനുയോജ്യമാകൂവെന്നും എയർഇന്ത്യ വ്യക്തമാക്കി. വിമാനം ടേക്ക് ഓഫ് ചെയ്തതിനുപിന്നാലെ തന്നെ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വക്താവ് അറിയിച്ചു.
വിമാനത്തിനുളളിലെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ യാത്രക്കാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പ്രായമായവരും കുട്ടികളും കടുത്ത ചൂട് കാരണം ബുദ്ധിമുട്ടുന്നത് ചിത്രങ്ങളിലും വീഡിയോകളിലും കാണാം. ആ സമയത്ത് പുറത്തെ താപനില 40 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്ന് യാത്രക്കാർ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്നേ ദിവസം രാത്രി 7.25ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പിറ്റേന്ന് പുലർച്ചെ 12.45നാണ് തകരാറുകൾ പരിഹരിച്ച് പുറപ്പെട്ടത്. കുടിക്കാൻ ആവശ്യത്തിന് വെളളം പോലും വിമാനത്തിൽ ലഭിച്ചിരുന്നില്ലെന്നും പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |