ടെഹ്റാൻ : ടെഹ്റാനിൽ ഇസ്രയേലിന്റെ രൂക്ഷമായ ആക്രമണത്തിന് പിന്നാലെ വെടിനിറുത്തൽ ചർച്ചകൾക്ക് സന്നദ്ധത അറിയിച്ച് ഇറാൻ. രക്തച്ചൊരിച്ചിലിന് താത്പര്യമില്ലെന്നും നയതന്ത്ര ചർച്ചകൾ ഒരു ഫോൺ കാൾ മാത്രം അകലെയാണെന്നും ഇറാൻ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇറാൻ ഗൾഫ് രാജ്യങ്ങളുടെ പിന്തുണ തേടിയതായാണ് റിപ്പോർട്ട്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വാധീനം ഉപയോഗിച്ച് ഇസ്രയേലിനെ വെടിനിറുത്തലിന് സമ്മതിപ്പിക്കാൻ ഇടപെടണമെന്നാണ് ഗൾഫ് രാജ്യങ്ങളോട് ഇറാൻ അഭ്യർത്ഥിച്ചിരിക്കുന്നത്. വെടിനിറുത്തലിന് ഇസ്രയേൽ സമ്മതിച്ചാൽ ആണവ ചർച്ചകൾക്ക് വഴങ്ങാമെന്ന് ഇറാൻ അറിയിച്ചതായാണ് വിവരം.
അതേസമയം അമേരിക്കയുമായി കഴിഞ്ഞ ദിവസം നടക്കേണ്ട ആണവ ചർച്ച സംഘർഷത്തെ തുടർന്ന് ഇറാൻ റദ്ദാക്കിയിരുന്നു. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഇറാൻ സായുധസേന തയ്യാറല്ലെന്നാണ് ഇന്ന് ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫ് പ്രസ്താവന നടത്തിയത്.
അതിനിടെ ഹ്‌റാന്റെ ആകാശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം കടുപ്പിക്കുമെന്നും ജനം ടെഹ്റാൻ വിടണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടു. പിന്നാലെ ഇറാന്റെ ദേശീയ ടെലിവിഷൻ ചാനലിന്റെ ആസ്ഥാനത്ത് ഇസ്രയേൽ മിസൈൽ ഇട്ടു. സർക്കാർ നിയന്ത്രിത ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് ഇറാൻ ന്യൂസ് നെറ്റ്വർക്കിന്റെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്. തത്സമയ വാർത്താ സംപ്രേക്ഷണത്തിനിടെയായിരുന്നു ആക്രമണം. കെട്ടിടാവശിഷ്ടങ്ങൾ സ്റ്റുഡിയോയിൽ പതിച്ചെങ്കിലും അവതാരക ഓടി രക്ഷപ്പെട്ടു. ഏതാനും മിനിറ്റുകൾക്ക് ശേഷം സംപ്രേക്ഷണം പുനരാരംഭിച്ചു. ആക്രമണത്തിൽ നിരവധി മാദ്ധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്നാണ് സൂചന. പുറത്തു വാർത്ത റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു. രക്തമൊഴുകുന്ന കൈയുമായി ജോലി തുടർന്ന റിപ്പോർട്ടർ വീണ്ടും ആക്രമിക്കാൻ ഇസ്രയേലിനെ വെല്ലുവിളിക്കുകയും ചെയ്തു. ഇറാന്റെ ദേശീയ ടെലിവിഷൻ ഉടൻ അപ്രത്യക്ഷമാകുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |