ലക്നൗ: സൗദി അറേബ്യയിൽ നിന്ന് 250 ഹജ്ജ് തീർത്ഥാടകരുമായി ലക‌്നൗവിലെത്തിയ വിമാനത്തിന്റെ ചക്രത്തിൽ നിന്ന് തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഉത്തർപ്രദേശിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 6.30നാണ് സംഭവം. ലാൻഡിംഗിനിടെ ഇടതു ചക്രത്തിൽനിന്ന് തീയും പുകയും ഉയർന്നത് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ(എ.ടി.സി) അറിയിച്ചു. തുടർന്ന് വിമാനത്തെ ടാക്സിവേയിൽ എത്തിച്ച് യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. 20 മിനിറ്റ് പരിശ്രമിച്ചാണ് തീയണച്ചത്. യാത്രക്കാർ സുരക്ഷിതരാണ്. ഹൈഡ്രോളിക് സംവിധാനത്തിലെ ചോർച്ചയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ എയർപോർട്ട് അതോറിട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സൗദി എയർലൈൻസിന്റെ എസ്.വി 312 വിമാനം ഞായറാഴ്ച രാത്രി 10.45നാണ് ജിദ്ദയിൽ നിന്ന് പുറപ്പെട്ടത്.
ലുഫ്താൻസ വിമാനം
തിരിച്ചുപറന്നു
ഹൈദരാബാദിലേക്ക് പുറപ്പെട്ട ലുഫ്‌താൻസാ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ തിരിച്ചിറക്കി. ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഞായറാഴ്ച പ്രാദേശികസമയം ഉച്ചയ്‌ക്ക് 2.14ന് പറന്നുയർന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ബോംബ് ഭീഷണി വന്നത്. ഹൈദരാബാദിൽ ഇറങ്ങാൻ അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ തിരിച്ചിറങ്ങി. വിമാനം ഇന്നലെ പുലർച്ചെ ഹൈദരാബാദിൽ എത്തേണ്ടതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |