ക്ളബ് ലോകകപ്പിൽ വിജയത്തോടെ തുടങ്ങി പാരീസ് എസ്.ജി
പാരീസ് എസ്.ജി 4- അത്‌ലറ്റിക്കോ മാഡ്രിഡ് 0
കാലിഫോർണിയ : യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിക്ക് അമേരിക്കയിൽ നടക്കുന്ന ക്ളബ് ലോകകപ്പിൽ തകർപ്പൻ തുടക്കം. സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ് പാരീസ് കീഴടക്കിയത്.
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന പാരീസ് രണ്ടാം പകുതിയിലും രണ്ടുഗോളുകൾ നേടി. 78-ാം മിനിട്ടിൽ ക്ളെമെന്റ് ലാൻഗ്‌ലെറ്റ് ചുവപ്പുകാർഡ് കണ്ടതിനെത്തുടർന്ന് പത്തുപേരുമായാണ് അത്‌ലറ്റിക്കോ മത്സരം പൂർത്തിയാക്കിയത്. 19-ാം മിനിട്ടിൽ വരാട്ട്ഷേലിയയുടെ പാസിൽ നിന്ന് ഫാബിയൻ റൂയിസാണ് പാരീസിനായി ആദ്യ ഗോൾ നേടിയത്. 45+1-ാം മിനിട്ടിൽ വിറ്റീഞ്ഞ നേടിയ ഗോളിനും പന്തെത്തിച്ചത് വരാട്ട്ഷേലിയയായിരുന്നു. 59-ാം മിനിട്ടിൽ പാരീസിന്റെ വല കുലുങ്ങിയെങ്കിലും വാർ പരിശോധനയിലൂടെ ഗോൾ നിഷേധിച്ചു. 65-ാം മിനിട്ടിൽ പകരക്കാരനായെത്തിയ സെന്നി മയിലുവാണ് 87-ാം മിനിട്ടിൽ പാരീസിന്റെ മൂന്നാം ഗോൾ നേടിയത്. ഇൻജുറി ടൈമിൽ ലീ കാംഗ് ഇൻ പെനാൽറ്റിയിലൂടെ പാരീസിന്റെ പട്ടിക പൂർത്തിയാക്കി.
ഈ വിജയത്തോടെ മൂന്നുപോയിന്റുമായി പാരീസ് ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. മറ്റൊരു മത്സരത്തിൽ അമേരിക്കൻ ക്ളബ് സിയാറ്റിൽ സൗണ്ടേഴ്സിനെ 2-1ന് തോൽപ്പിച്ച ബ്രസീലിയൻ ക്ളബ് ബോട്ടഫോഗോയാണ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത്. ഗ്രൂപ്പ് എയിൽ ബ്രസീലിയൻ ക്ളബ് പാൽമേയ്റാസും പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയും തമ്മിൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. വെള്ളിയാഴ്ച ബോട്ടഫോഗോയുമായാണ് പാരീസിന്റെ അടുത്ത മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |