വാഷിംഗ്ടൺ: ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് ഇറാനുമായി ഈ ആഴ്ചതന്നെ ചർച്ച നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചതായി യു.എസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം അവസാനിപ്പിക്കാനുള്ള അവസാന പോംവഴിയെന്നോണമാണ് ട്രംപ് സർക്കാർ ചർച്ചയ്ക്ക് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനാകും ചർച്ച നടത്തുക. ഇതിനുള്ള നടപടികൾ ഹൈറ്റ് ഹൗസ് ആരംഭിച്ചു. അതേസമയം,ഇറാനെ ആണവ കരാറിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോഴും ശ്രമിക്കുന്നതെന്നാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ ആണവപദ്ധതികൾക്ക് ട്രംപുമായുള്ള കൂടിക്കാഴ്ച വളരെ പ്രധാനമാണ് എന്നതും ശ്രദ്ധേയമാണ്.
യുദ്ധം നിറുത്താൻ ആഗ്രഹിക്കുന്നതായി, അറബ് രാഷ്ട്രങ്ങളുടെ സഹായത്തോടെ ഇറാൻ യു.എസിനെ അറിയിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഇസ്രയേലിന്റെ അവകാശവാദം തള്ളി
ഇറാന് ആണവായുധമുണ്ടാക്കാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും വേണ്ടിവരുമെന്നും ഇപ്പോഴത്തെ ഈ ഭീതി അനാവശ്യമാണെന്നും യു.എസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇറാൻ ആണവായുധം സജീവമായി ലക്ഷ്യമിടുന്നില്ലെന്ന് മാത്രമല്ല, ആണവായുധ നിർമ്മാണം പൂർത്തിയാക്കാൻ അവർ മൂന്ന് വർഷം വരെയെടുക്കുമെന്നും ഇന്റലിജൻസ് വൃത്തങ്ങളെ ആധാരമാക്കിയുള്ള റിപ്പോർട്ട് പറയുന്നു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ മിസൈലുകളും ഡ്രോൺ ആക്രമണവും നടത്തി ഇസ്രയേൽ വൻപ്രഹരമാണ് ഏൽപ്പിച്ചത്. എന്നാൽ, ഭൂമിക്കടിയിലുള്ള പരീക്ഷണകേന്ദ്രങ്ങളെ ഇസ്രയേൽ മിസൈലുകൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇപ്പോഴത്തെ ആക്രമണത്തിന്റെ തോതനുസരിച്ച് മാസങ്ങൾക്കകം ഇറാന് ആണവകേന്ദ്രങ്ങൾക്കേറ്റ കേടുപാടുകൾ പരിഹരിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |