ചെന്നൈ: വിമാനങ്ങളുടെ ലാൻഡിംഗ് സമയത്ത് ലേസർ ലൈറ്റുകൾ അടിച്ച് പൈലറ്റുമാരുടെ കാഴ്ച തടസപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ചെന്നൈ വിമാനത്താവളത്തിന് സമീപം പരിശോധന ശക്തമാക്കി പൊലീസ്. ഈ വർഷം ഇതുവരെ 25 തവണ ഇത്തരത്തിൽ ലേസർ പ്രയോഗം നടന്നതായാണ് പൈലറ്റുമാർ പരാതി. 2024ൽ 70 പരാതികളും 2023ൽ 51 പരാതികളും ഇത്തരത്തിൽ ലഭിച്ചിരുന്നു.
ഏറ്റവുമൊടുവിൽ ജൂൺ 10നാണ് ഇത്തരമൊരു സംഭവം നടന്നത്. പൂനെയിൽ നിന്ന് ചെന്നൈയിലെത്തിയ വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് പച്ച നിറത്തിലുള്ള ലേസർ ലൈറ്റ് അജ്ഞാത സ്ഥലത്തുനിന്ന് പൈലറ്റിന് നേരെ അടിച്ചു. ഏതാനും സെക്കന്റ് നേരത്തേക്ക് പൈലറ്റിന്റെ കാഴ്ച ഇതിലൂടെ തടസപ്പെടുകയും ചെയ്തു. എന്നാൽ,വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.
ലാന്റിംഗ് സമയം ഏറെ നിർണായകമായതിനാൽ പൈലറ്റുമാരുടെ കാഴ്ച തടസപ്പെടുത്താനും ശ്രദ്ധ തെറ്റിക്കാനും ലേസറുകൾ കൊണ്ട് കഴിയും. ഇത് അടിയന്തിരമായി കണ്ടെത്തി തടയാനാണ് അധികൃതരുടെ നീക്കം. പ്രധാനമായും സെന്റ് തോമസ് മൗണ്ട്,പല്ലവാരം പ്രദേശങ്ങളിൽ നിന്നാണ് ലേസർ ബുദ്ധിമുട്ടുകൾ ഉണ്ടാവാറുള്ളതെന്ന് പൈലറ്റുമാരുടെ മൊഴി. ഈ സ്ഥലങ്ങളിൽ രാത്രി സമയത്ത് കൂടുതൽ പരിശോധനയും ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |