ആലപ്പുഴ: കൊച്ചി രാജാവ് ചൊവ്വരയിൽ ആരംഭിച്ച കുടിവെള്ളവിതരണം മുതൽ വാട്ടർ അതോറിട്ടിയുടെ 110 വർഷത്തെ ചരിത്രം പങ്കുവയ്ക്കാൻ തലസ്ഥാനത്ത് വാട്ടർമ്യൂസിയം ആരംഭിക്കും. വെള്ളയമ്പലത്തെ പൈതൃക കെട്ടിടത്തിലാകും മ്യൂസിയം.
നോഡൽ ഏജൻസിയായ ഇന്ററാക്ടീവ് മ്യൂസിയം ഒഫ് കൾച്ചറൽ ഹിസ്റ്ററി ഒഫ് കേരള (കേരളം മ്യൂസിയം) മൂന്നുമാസത്തിനകം പദ്ധതിരേഖ സമർപ്പിക്കും. ദക്ഷിണമേഖല ചീഫ് എൻജിനിയർക്കാണ് മേൽനോട്ടച്ചുമതല. കൂറ്റൻ ജലവിതരണ പൈപ്പുകൾ കടന്നുപോകുന്നതിന് മുകളിലുള്ള പൈതൃകക്കെട്ടിടത്തിലാണ് വാട്ടർ അതോറിട്ടിയുടെ ക്വാളിറ്റി കൺട്രോൾ ലാബ് പ്രവർത്തിക്കുന്നത്. കെട്ടിടം ശീതീകരിച്ച ഹാളാക്കും. അരുവിക്കരയിൽ നിന്നുള്ള പൈപ്പ് ലൈൻ കടന്നുപോകുന്നതിനാൽ ഇവിടം മറ്റാവശ്യങ്ങൾക്ക് വിട്ടുനൽകില്ല.
മാതൃകയാക്കി ചൊവ്വര
1914ലാണ് കൊച്ചി രാജാവ് ബ്രിട്ടനിൽ നിന്നെത്തിച്ച ഡീസൽ മോട്ടറും കാസ്റ്റ് അയൺ പൈപ്പും മറ്റുപകരണങ്ങളുംകൊണ്ട് ചൊവ്വരയിൽ ജലവിതരണം തുടങ്ങിയത്. അതേ മാതൃകയിലാണ് 1933ൽ അരുവിക്കരയിൽ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കുള്ള ജലവിതരണത്തിന്റെ തുടക്കം.
മ്യൂസിയത്തിൽ കാണാം
മട്ടാഞ്ചേരിയിൽ വെള്ളം പമ്പ് ചെയ്ത ഡീസൽ മോട്ടോർ
110 വർഷം വാട്ടർഅതോറിട്ടി ഉപയോഗിച്ച ഉപകരണങ്ങളും സാങ്കേതികവിദ്യകളും
വിവിധ ഇനം പൈപ്പുകളും ജലസംഭരണികളുടെ മാതൃകകളും
വാട്ടർ ടാപ്പുകളുടെയും വാൽവുകളുടെയും രൂപാന്തരം
ചെലവ്
₹10.85 കോടി
ജലത്തിന്റെ പ്രാധാന്യത്തിനൊപ്പം ജലവിഭവവകുപ്പിന്റെ ചരിത്രവും പൊതുജനത്തെ ബോദ്ധ്യപ്പെടുത്താനാണ് മ്യൂസിയം
-ചീഫ് എൻജിനിയർ, വാട്ടർ അതോറിട്ടി, ദക്ഷിണമേഖല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |