കോൺഗ്രസ് 620കോടി
ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനും ഒപ്പം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുമായി ബി.ജെ.പി ഏകദേശം 1,494 കോടി രൂപ ചെലവിട്ടെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട കണക്ക്. കോൺഗ്രസ് 620 കോടി രൂപയും ചെലവാക്കി. പൊതുതിരഞ്ഞെടുപ്പിന് ശേഷം 32 ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച കണക്കുകൾ അടിസ്ഥാനമാക്കിയാണ് വിശകലനം. ബി.ജെ.പിയുടേത് ആകെ തിരഞ്ഞെടുപ്പ് ചെലവിന്റെ 45 ശതമാനം. കോൺഗ്രസിന്റേത് 18.5%.
പ്രചാരണത്തിനായാണ് പാർട്ടികൾ കൂടുതൽ പണം ചെലവാക്കിയത്: 2,008 കോടി
യാത്രാ ചെലവ്: 795 കോടി
സ്ഥാനാർത്ഥികൾക്കുള്ള ഒറ്റത്തവണ തുക: 402 കോടി
വെർച്വൽ പ്രചാരണത്തിന്: 132 കോടി രൂപ
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിച്ചതിന്: 28 കോടി
ദേശീയ പാർട്ടികൾ പ്രചാരണത്തിനായി ചെലവഴിച്ചത് 1,511.3004 കോടി രൂപ. പ്രാദേശിക പാർട്ടികൾ: 496.99 കോടി രൂപ. യാത്രയ്ക്കായി ചെലവഴിച്ച 795 കോടി രൂപയിൽ 765 കോടി രൂപയും (96.22%) താരപ്രചാരകർക്കു വേണ്ടിയാണ്. മറ്റ് നേതാക്കൾക്കായി ചെലവഴിച്ചത് 30 കോടി രൂപ മാത്രം.
പൊതുതിരഞ്ഞെടുപ്പിന് ശേഷം 90 ദിവസത്തിനുള്ളിലും സംസ്ഥാന തിരഞ്ഞെടുപ്പിന് ശേഷം 75 ദിവസത്തിനുള്ളിലും രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് ചെലവ് സമർപ്പിക്കണമെന്നാണ് ചട്ടം. ആം ആദ്മി പാർട്ടി 168 ദിവസം വൈകിയും ബി.ജെ.പി 139-154 ദിവസം വരെ വൈകിയുമാണ് കണക്ക് സമർപ്പിച്ചതെന്നും എ.ഡി.ആർ പറയുന്നു. എൻ.സി.പി, സി.പി.ഐ, ജെ.എം.എം, ശിവസേന (യു.ബി.ടി) തുടങ്ങി 21 പാർട്ടികളുടെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമല്ല. ജമ്മു കശ്മീർ പിഡിപി, കേരള കോൺഗ്രസ് (എം) എന്നീ പാർട്ടികൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും ചെലവ് പൂജ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |