ഇലവുംതിട്ട : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവും അവിവാഹിതയുമായ 21 കാരിയെ ഇലവുംതിട്ട പൊലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ മെഴുവേലിയിലെ വീടിന്റെ പറമ്പിൽ ചേമ്പിലയിൽ പൊതിഞ്ഞ നിലയിൽ കഴിഞ്ഞ 17നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതി ടോയ്‌ലെറ്റിൽ വച്ചാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് വീടിന്റെ പിന്നിലെ ആൾത്താമസമില്ലാത്ത പുരയിടത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കാമുകനിൽ നിന്നാണ് ഗർഭം ധരിച്ചത്. പൊക്കിൾക്കൊടി സ്വയം മുറിച്ചു. രക്തം നിലയ്ക്കാതെയായപ്പോൾ സഹോദരിക്കൊപ്പം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി. ആശുപത്രി അധികൃതരാണ് പൊലീസിൽ അറിയിച്ചത്. പ്രസവിച്ചയുടൻ കുഞ്ഞിന്റെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചതായും യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
പൊക്കിൾക്കൊടി മുറിച്ച കത്തി വീട്ടിലെ അടുക്കളയിലെ അലമാരയുടെ മുകളിൽ നിന്ന് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |