കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കപരിഹാരത്തിന് സർക്കാർ നിയോഗിച്ച ജുഡിഷ്യൽ കമ്മിഷന് ആറുമാസം കഴിഞ്ഞിട്ടും ശമ്പളമോ യാത്രാബത്തയോ സിറ്റിംഗ് ഫീസോ നൽകിയില്ല. ആകെ അനുവദിച്ചത് മുറിവാടകയായി 60,000 രൂപ മാത്രം.
സർക്കാർ പ്രതിഫലം ചോദിക്കുകയോ താൻ പറയുകയോ ചെയ്തിട്ടില്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ നായർ കേരളകൗമുദിയോട് പറഞ്ഞു. മുന്നാക്ക സമുദായ ക്ഷേമ കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ ഇപ്പോൾ ശമ്പളം വാങ്ങുന്നുണ്ട്.
മുമ്പ് ഇതിലും സങ്കീർണമായ വിഷയങ്ങളിൽ നീണ്ടകാലം പ്രതിഫലം വാങ്ങാതെ അന്വേഷണ കമ്മിഷനായിരുന്നിട്ടുണ്ട്. വിഴിഞ്ഞം ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെയും വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ പ്രശ്നം പഠിക്കുന്ന കമ്മിഷന്റെയും അദ്ധ്യക്ഷനായത് ശമ്പളം പറ്റാതെയാണ്. പൈസയല്ല വിഷയം. സർക്കാർ ഒരു ജോലി ഏൽപ്പിച്ചാൽ ഏറ്റെടുക്കും.
2024 നവംബർ 27നാണ് മുനമ്പം കമ്മിഷനെ നിയോഗിച്ചത്. കഴിഞ്ഞ മാസം അവസാനം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കാക്കനാട് കുന്നുംപുറത്തെ താത്കാലിക ഓഫീസിലാണ് കമ്മിഷൻ പ്രവർത്തിച്ചിരുന്നത്. വാടക കുടിശ്ശിക 30,000 രൂപ ഇനിയും നൽകാനുണ്ടെന്നാണ് വിവരം.
സ്റ്റാഫിന്റെ ശമ്പളത്തിന് സാങ്കേതിക തടസം
മുനമ്പം കമ്മിഷനിലെ സ്റ്റാഫംഗങ്ങൾക്കും ശമ്പളം നൽകിയിട്ടില്ല. ഇതിന് സാങ്കേതിക പ്രശ്നമുണ്ടെന്നാണ് എറണാകുളം ഭരണവിഭാഗത്തിൽ നിന്നുള്ള വിവരാവകാശ രേഖ പറയുന്നത്. ഡെപ്യൂട്ടേഷനിൽ വന്ന സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റുമാരുമടക്കം 5 പേരാണ് കമ്മിഷനെ സഹായിച്ചത്. തിരുവനന്തപുരം സ്വദേശി അഡ്വ. കുളത്തൂർ ജയ്സിംഗാണ് വിവരാവകാശ അപേക്ഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |